തിരുവനന്തപുരം: പൊലീസിന്റെ കസ്റ്റഡി മര്ദ്ദനങ്ങളില് കര്ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്. കസ്റ്റഡി മര്ദ്ദനത്തിലെ പരാതികളില് കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും പൊലീസ് സമൂഹത്തോടൊപ്പമാണെന്നും റവാഡ ചന്ദ്രശേഖര് പറഞ്ഞു. പൊലീസ് സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തിന്റെ സഹായം പൊലീസിന് ആവശ്യമാണെന്നും റവാഡ ചന്ദ്രശേഖര് പ്രതികരിച്ചു.
'പൊലീസും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ല. നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പൊലീസിനെതിരെ പരാതി ലഭിച്ചാല് ഗൗരവമായി തന്നെ പരിശോധിക്കും. കസ്റ്റഡി മര്ദ്ദനത്തില് മുഖ്യമന്ത്രിയുടെ എല്ലാ നിര്ദേശങ്ങളും പാലിക്കും.സമീപിക്കുന്ന ജനങ്ങളോട് നല്ല രീതിയില് പെരുമാറണമെന്ന് ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്ക്കും ഇക്കാര്യത്തില് കൃത്യമായ നിർദ്ദേശം നല്കിയിട്ടുണ്ട്. ജനമൈത്രി പോലീസ് മികച്ച പദ്ധതിയാണ്ജനങ്ങള്ക്ക് കൃത്യമായ സേവനം പോലീസ് ലഭ്യമാക്കും. അല്ലാത്ത പോലീസുകാര്ക്കെതിരെ നടപടി സ്വീകരിക്കും.' റവാഡ ചന്ദ്രശേഖര് കൂട്ടിച്ചേര്ത്തു.
2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂര മർദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് ആരോപിച്ചിരുന്നു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത.
പീച്ചി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയും മർദന ആരോപണമുയർന്നിരുന്നു. പട്ടിക്കാട് സ്ഥിതി ചെയ്യുന്ന ലാലീസ് ഹോട്ടലിന്റെ ഉടമ കെ പി ഔസേപ്പ്, മകന് പോള് ജോസഫ്, ഹോട്ടല് മാനേജര് റോണി ജോണ് എന്നിവരെയായിരുന്നു അന്ന് പീച്ചി എസ്ഐ ആയിരുന്ന രതീഷ് മര്ദ്ദിച്ചത്. പൊലീസ് മർദ്ദനത്തിന് ഇരയായാണ് തന്റെ പിതാവ് മരിച്ചതെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢനും രംഗത്തെത്തിയിരുന്നു. ലാത്തിച്ചാർജ്ജിൽ പിതാവ് ഇന്ദുചൂഡന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. കഴുത്തിൽ ക്ഷതം സംഭവിച്ചു. കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായതെന്നും വിജയ് ഇന്ദുചൂഡൻ വ്യക്തമാക്കിയിരുന്നു.
Content Highlight; 'Strict action will be taken against police custody torture'; ravada chandrasekhar