നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഇടപെടണം എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്‌റയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവര്‍ താമസിക്കുന്നത്. അവര്‍ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്‌കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം യുവജന പ്രക്ഷോഭത്തില്‍ ആളിക്കത്തിയ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സൈനിക മേധാവി അശോക് രാജ് അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിന്റെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ബുധനാഴ്ച വരെ കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വിമാന കമ്പനികളും ഇവിടേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് എന്നിവയുടെ സര്‍വീസുകളാണ് റദ്ദാക്കിയത്. നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

Content Highlights: CM writes to Union External Affairs Minister asks for safety of Malayali tourists in Nepal

To advertise here,contact us