തിരുവനന്തപുരം: നവോത്ഥാന നായകന്മാരെ ഹൈജാക്ക് ചെയ്യാന് വര്ഗീയവാദികള് ശ്രമിക്കുകയാണെന്നും ഈ ശക്തികളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അല്ലാത്ത പക്ഷം അതിന് നാടിനുണ്ടാക്കുക വലിയ ആപത്തായിരിക്കും. മനുഷ്യരില് നിന്ന് ശ്രീനാരായണ ഗുരുവിനെ അപഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുദര്ശനത്തോട് വര്ത്തമാന കാലം എത്രത്തോളം നീതി പുലര്ത്തുന്നുവെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു വാക്കുകള് വക്രീകരിക്കാനും സ്ഥാപിത താല്പര്യങ്ങള്ക്ക് ഉപയോഗിക്കാനും ശ്രമം നടക്കുന്നുണ്ട്. ഗുരുവിന്റെ മാറുന്ന കാലത്തെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള് ഉണ്ടാകേണ്ടതുണ്ട്. മനുഷ്യന് എന്താണെന്നും മതം എന്താണെന്നും ദൈവഭാവന എന്താണെന്നുമൊക്കെ മനുഷ്യര്ക്ക് കാട്ടിക്കൊടുത്ത മഹാത്മാവാണ് ഗുരു. ഇന്ക്ലൂസീവ് സങ്കല്പ്പം ആദ്യമായി കണ്ടത് ഗുരുവചനങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗുരുവിനെ മത സന്യാസിയാക്കാന് ശ്രമം നടക്കുന്നുവെന്നും ജാഗ്രതയോടെ വേണം ഇതിനെ കാണാനെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വര്ഗീയ ശക്തികള് ഗുരുവിനെ തങ്ങളുടെ ചേരിയില് പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ചെറുത്ത് തോല്പ്പിക്കണം. ഇത്തരം ശക്തികള് മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാല് നാട് പഴയ രീതിയിലേക്ക് തിരിച്ചു പോകും. ഓണം മഹാബലിയുടെതല്ല, വാമനന്റേതാണ് എന്ന സന്ദേശം കാണാനിടയായി. ഈ ദിവസം മഹാബലിയെ അല്ല വാമനനെയാണ് ഓര്ക്കേണ്ടത് എന്ന് ചിലര് പറഞ്ഞത് ചേര്ത്ത് വായിക്കണം. ഓണം അടക്കം എല്ലാം നഷ്ടപ്പെടും എന്ന് ഓര്മവേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുരു തള്ളിക്കളഞ്ഞ ദുരാചാരങ്ങള് തിരിച്ചുവരുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നരബലി പോലുള്ള വൃത്തികെട്ട ആചാരങ്ങള്ക്കെതിരെ ഗുരു ശക്തമായി നിലകൊണ്ടു. അഭ്യസ്തവിദ്യരായ ആളുകളില് തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്ക്കുന്നത് എന്നത് ഏറെ ഗൗരവതരമാണ്. ഗുരുദേവദര്ശനം പോലെ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയാണ് സര്ക്കാര് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Content Highlights- Chief minister Pinarayi vijayan about sreenarayana guru