പാലക്കാട് പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍

കുഞ്ഞിന്റെ അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്താനും തീരുമാനമായി

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം സര്‍ക്കാര്‍പതി ആദിവാസി ഉന്നതിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറോടൊണ് പട്ടിക വര്‍ഗ വികസന ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്താനും തീരുമാനമായി.

ഇന്നലെയായിരുന്നു മീനാക്ഷിപുരം സര്‍ക്കാര്‍പതി ആദിവാസി ഉന്നതിയിലെ പാര്‍ത്ഥിപന്‍-സംഗീത ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കുന്നതിനിടെ അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ഗര്‍ഭാവസ്ഥയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന ആനൂകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണവുമായി സംഗീത രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ വിഷയത്തില്‍ ഇടപെട്ടത്.

നാല് മാസം പ്രായമുള്ള കുഞ്ഞിന് 2.200 കിലോഗ്രാം മാത്രമായിരുന്നു തൂക്കം. കുഞ്ഞിന് പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ദമ്പതികളുടെ ആദ്യ പെണ്‍കുഞ്ഞും സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു.

Content Highlights- District st development officer ask report on four month old child death in meenakshipuram

To advertise here,contact us