തിരുവനന്തപുരം: റിപ്പോര്ട്ടര് ടിവി ഓഫീസിനും വാര്ത്താ സംഘത്തിനും നേരെയുണ്ടായ കോണ്ഗ്രസ് ആക്രമണത്തിന് പിന്നില് വിമര്ശനങ്ങളോടുളള അസഹിഷ്ണുതയാണെന്ന് എഐവൈഎഫ്. തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നവരെയും വിമര്ശിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാനുളള കോണ്ഗ്രസ് ശ്രമം കേരളത്തില് വിലപ്പോവില്ലെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുളള കോണ്ഗ്രസ് നടപടിക്കെതിരെ ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും എഐവൈഎഫ് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
'രാഹുല് മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളിലെ ശബ്ദരേഖകള് ഉള്പ്പെടെയുളള തെളിവുകള് പുറത്തുകൊണ്ടുവന്നതിനെ തുടര്ന്ന് കോഴിക്കോട് മേപ്പയ്യൂരിലും പേരാമ്പ്രയിലും കോണ്ഗ്രസ് പ്രവര്ത്തകര് റിപ്പോര്ട്ടര് ടിവിയുടെ മാധ്യമസംഘത്തെ കഴിഞ്ഞ ദിവസം കയ്യേറ്റം ചെയ്യാനും ചാനലിന്റെ വാഹനം അടിച്ചുതകര്ക്കാനും ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവില് റിപ്പോര്ട്ടര് ടിവിയുടെ തൃശൂര് ഓഫീസില് അതിക്രമിച്ചുകയറി യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരി ഓയില് ഒഴിക്കുകയായിരുന്നു. റിപ്പോര്ട്ടര് ടിവി വാര്ത്താ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണം': എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന് അരുണ്, സെക്രട്ടറി ടി ടി ജിസ്മോന് എന്നിവര് പുറത്തിറക്കിയ പ്രസ്താവനയില് ആവശ്യപ്പെട്ടു.
റിപ്പോര്ട്ടര് ടിവിയുടെ തൃശൂര് ബ്യൂറോ ഓഫീസിന് നേരെയുണ്ടായ യൂത്ത് കോണ്ഗ്രസ് അതിക്രമത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഓഫീസില് അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി മിഥുന് മോഹന്, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്, തൃശൂര് അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്ദേവ്, അമല് ജയിംസ് എന്നിവര്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെയായിരുന്നു റിപ്പോര്ട്ടറിന്റെ തൃശൂര് ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം നടന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്ത്തകര് ബ്യൂറോയിലെ കാറിന് മുകളില് യൂത്ത് കോണ്ഗ്രസിന്റെ കൊടി നാട്ടുകയാണ് ചെയ്തത്. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില് ഒഴിക്കുകയും വാതിലില് റിപ്പോര്ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്ട്ടര് ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ റിപ്പോര്ട്ടര് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതികളെ ഉടന് പിടികൂടണമെന്നും റിപ്പോര്ട്ടര് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Content Highlights: Intolerance towards criticism behind Congress attack on Reporter TV says AIYF