വിവാഹേതര ബന്ധങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ പറ്റിയ ആളുകള്‍ മന്ത്രി സഭയിലുണ്ട്; ഷിബു ബേബി ജോണ്‍

ആരും ദൈവപുത്രന്മാരല്ല, സമൂഹത്തിലെ നന്മകളും തിന്മകളും രാഷ്ട്രീയക്കാരിലും ഉണ്ടാകും

കൊല്ലം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗീക അതിക്രമക്കേസിൽ പ്രതികരണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. രാഷ്ട്രീയത്തിലെ കറുത്ത് അധ്യായമാണ് ഇതെന്നും രാഷ്ട്രീയക്കാര്‍ ആരും ദൈവപുത്രന്മാരല്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സമൂഹത്തിലെ നന്മകളും തിന്മകളും രാഷ്ട്രീയക്കാരിലും ഉണ്ടാകും. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മാതൃകാപരമാണെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

'രാഹുലിനെ ടാര്‍ഗെറ്റ് ചെയ്യുന്നത് ബിജെപിയുടെ ആവശ്യമാണ്. ഷാഫി പറമ്പിലിനെ എന്തിന് വഴിയില്‍ തടയുന്നു. ഷൈലജ ടീച്ചറെ പരാജയപ്പെടുത്തിയപ്പോള്‍ ഷാഫി വടകരയില്‍ കണ്ണുകടിയായി. ബിജെപി-സിപിഐഎം താല്‍പര്യമാണ് സമരത്തിന് പിന്നില്‍. ആഭാസം നടത്തുന്നതിന് പിന്നില്‍ എന്ത് ന്യായീകരണമാണുള്ളത്.' ഷിബു ബേബി ജോണ്‍ പറഞ്ഞു.

സമര ആഭാസമാണ് കേരളത്തില്‍ നടക്കുന്നത്. മുസ്ലീം സമുദായത്തില്‍ നിന്ന് ഒരാള്‍ ഉയര്‍ന്ന് വരുന്നതിന്റെ അസൂയയാണ് ബിജെപിക്കും സിപിഐഎമ്മിനുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. വിവാഹേതര ബന്ധങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ പറ്റിയ ആളുകള്‍ മന്ത്രി സഭയിലുണ്ടെന്നും ഇതിന്റെ ചാന്‍സിലര്‍ ആരാകണമെന്ന് പിണറായി തീരുമാനിക്കണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ലൈംഗിക അതിക്രമക്കേസില്‍ രാഹുലിനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഇതുവഴി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ഭയം കാരണം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. പരാതി നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞ ദിവസം അസാധാരണ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസ്സജേുകളയച്ചതിനും ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ പൊലീസ് അറിയിച്ചത്.

ബിഎന്‍എസ് 78(2), ബിഎന്‍എസ് 351, കേരള പൊലീസ് ആക്ട് 120 (ഛ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlight; shibu-baby-john-responds-to-rahul-mamkoottathil-sexual-abuse-case

To advertise here,contact us