പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരായ പ്രതിഷേധത്തില് പാലക്കാട്ടെ കോണ്ഗ്രസില് കലഹം. കോടതി തളളിയ കേസിലുളള പ്രതിഷേധം പാര്ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ വാദം. തുടര്പ്രതിഷേധം നടത്തേണ്ട എന്ന നിലപാടിലാണ് കോണ്ഗ്രസ് നേതാക്കള്. കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ്, കോണ്ഗ്രസ് പ്രവര്ത്തകര് ബിജെപി ഓഫീസിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷമുണ്ടായിരുന്നു. പൊലീസും പ്രവര്ത്തകരും തമ്മില് ഉന്തും തളളുമുണ്ടായി. പൊലീസ് കോണ്ഗ്രസ് പ്രവര്ത്തകര്ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ മര്ദനത്തില് കോണ്ഗ്രസ് കൗണ്സിലറുടെ തല പൊട്ടി. ജലപീരങ്കി പ്രയോഗിച്ച ശേഷം പൊലീസ് പ്രവര്ത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയാണ് സി കൃഷ്ണകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ മെയില് ഐഡിയിലേക്കാണ് പരാതി അയച്ചത്. അതേസമയം, പരാതി തളളി സി കൃഷ്ണകുമാര് തന്നെ രംഗത്തെത്തിയിരുന്നു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സ്വത്ത് തര്ക്കത്തിന്റെ ഭാഗമായി ഉയര്ന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികള് നല്കിയവര്ക്കെതിരെയും വാര്ത്ത പ്രചരിപ്പിച്ചവര്ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാര് പറഞ്ഞു.
പാര്ട്ടി ഓഫീസിന് നേരെ പ്രതിഷേധം തുടര്ന്നാല് സംരക്ഷിക്കേണ്ട രീതി ബിജെപിക്ക് അറിയാമെന്ന് പാലക്കാട് (ഈസ്റ്റ്) ജില്ലാ അധ്യക്ഷന് പ്രശാന്ത് ശിവനും പ്രതികരിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനാല് ഇന്നലെ സംയമനം പാലിച്ചുവെന്നും ഇനി അത് ഉണ്ടാകില്ലെന്നും പ്രശാന്ത് ശിവന് മുന്നറിയിപ്പ് നല്കി. കോടതി തളളിക്കളഞ്ഞ കേസിലാണ് കോണ്ഗ്രസിന്റെ പ്രതിഷേധമെന്നും അവര്ക്ക് യാതൊരു ധാര്മികതയുമില്ലെന്നും പ്രശാന്ത് ശിവന് പറഞ്ഞു. രാഹുല് മാങ്കൂട്ടത്തില് ചെയ്ത കുറ്റകൃത്യങ്ങള് ഒരിക്കലും കേരളത്തിന് ഉള്ക്കൊളളാന് കഴിയാത്തതാണെന്നും ലൈംഗിക വൈകൃതം പിടിച്ച രോഗിയെ സംരക്ഷിക്കാന് വേണ്ടിയാണ് കോണ്ഗ്രസ് പ്രതിഷേധിക്കുന്നതെന്നും പ്രശാന്ത് ശിവന് കൂട്ടിച്ചേര്ത്തു.
Content Highlights: Clashes in Congress in Palakkad on Protest against C Krishnakumar