'എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല, രാഹുൽ രാജിവെയ്ക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെ: റിനി

മനസാ വാചാ കര്‍മണ അറിയാത്ത കാര്യത്തിന്റെ പേരിലാണ് സതീശന്‍ ആക്രമിക്കപ്പെട്ടതെന്നും റിനി പറഞ്ഞു

കൊച്ചി: തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. ഒരു അഭിമുഖത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുപോയ കാര്യമായിരുന്നു അത്. അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുമില്ല. സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു തന്റെ പോസ്റ്റ്. മനസാ വാചാ കര്‍മണ അറിയാത്ത കാര്യത്തിന്റെ പേരിലാണ് സതീശന്‍ ആക്രമിക്കപ്പെട്ടതെന്നും റിനി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു റിനിയുടെ പ്രതികരണം. രാഹുലിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കാനില്ലെന്നും റിനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിവരം തേടിയാല്‍ നല്‍കുമോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല. രാഹുല്‍ രാജിവെയ്ക്കണോ എന്ന കാര്യത്തില്‍ പ്രസ്ഥാനം തീരുമാനമെടുക്കട്ടെയെന്നും റിനി കൂട്ടിച്ചേര്‍ത്തു.

നേരത്തേ താന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് വ്യക്തമാക്കി റിനി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിലേക്ക് താന്‍ ഏറ്റവും ബഹുമാനിക്കുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിട്ടത് വേദനിപ്പിച്ചതായി റിനി പറഞ്ഞിരുന്നു. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റിനി ചോദിച്ചിരുന്നു. ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതിലേക്ക് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. തന്റെ വാക്ക് തന്റേത് മാത്രമാണെന്നും ഒരു ഗൂഢാലോചനാ സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു.

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. നിയമോപഗേശത്തിന്‍െ അടിസ്ഥനത്തിലാണ് പൊലീസ് നീക്കം. റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍, യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കമാണ് പൊലീസ് തെളിവായി പരിഗണിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നത്.

യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിൻ്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും 'ഹു കെയേഴ്സ്' എന്നതായിരുന്നു അയാളുടെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്.

സംഭവം വലിയ വിവാദമായി മാറുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തികയും രാഹുലിനെതിരെ രംഗത്തെത്തി. റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് രാഹുല്‍ പറഞ്ഞതായായിരുന്നു അവന്തിക പറഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങള്‍ പുറത്തുവന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമായിരുന്നു പുറത്തുവന്നത്. നിന്നെ കൊല്ലാന്‍ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കന്‍ഡുകള്‍ കൊണ്ട് കൊല്ലാന്‍ സാധിക്കുമെന്നുമാണ് രാഹുല്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights- Rini Ann George latest reaction over rahul mamkootathil issue

To advertise here,contact us