ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയോര മേഖലയിലെ പ്രശ്‌നം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഭൂമി പതിച്ച് കിട്ടിയവരില്‍ പലരുടെയും നിര്‍മാണവും കൈമാറ്റവും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയത്. പട്ടയഭൂമി വകമാറ്റിയാല്‍ ക്രമീകരിച്ച് നല്‍കാനുള്ള തടസം നീങ്ങും. മലയോര മേഖലയിലെ ഭൂപ്രശ്നത്തില്‍ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടി. അത് പരിഹരിക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം ആയിരുന്നു', മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് നടപ്പാക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 65 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. എല്ലാ വിഭാഗവും ആയി ചര്‍ച്ച ചെയ്‌തെന്നും ഈ ഭേദഗതി തികച്ചും ജനാധിപത്യപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിന്നാലെ ആണ് ഭേദഗതി തയ്യാര്‍ ആക്കിയതെന്നും ഇതുവരെ ഉണ്ടായ വ്യതിചലനം ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഭൂമി വ്യാപകമായി ദുര്‍വിനിയോഗം ചെയ്യുന്ന പ്രശ്‌നം പരിഗണിക്കണം. കോടതി ഉത്തരവുകള്‍ പരിശോധിച്ച ശേഷം യോഗങ്ങള്‍ ചേര്‍ന്നാണ് ചട്ടങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നത്. രണ്ട് ചട്ടം കൊണ്ട് വരുന്നു. പതിവ് കിട്ടിയ ഭൂമിയില്‍ ഇത് വരെ ഉള്ള വക മാറ്റല്‍ ക്രമീകരിക്കും. പട്ടയ ഭൂമി ജീവനോപാധി ആക്കാന്‍ അനുവദിക്കും', മുഖ്യമന്ത്രി പറഞ്ഞു. 2023ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമഭേദഗതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല.

Content Highlights: Land Registry Act amendment approved in Kerala Cabinet

To advertise here,contact us