കോഴിക്കോട്: വടകരയില് എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. വടകര ടൗണ് ഹാളില് നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്ന്ന് പൊലീസും ഡിവെെഎഫ്ഐ പ്രവർത്തകരും റോഡില് ഏറ്റുമുട്ടി. തുടര്ന്ന് വാഹനത്തില് നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയില് പ്രതിഷേധിച്ചു. പേടിച്ച് പോകാന് ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാല് കേട്ട് നില്ക്കാന് വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പില് രൂക്ഷ ഭാഷയില് പ്രതികരിച്ചു.
'ഏത് വലിയ സമരക്കാരന് വന്നാലും പേടിച്ച് പോകാന് ആളെ വേറെ നോക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടിയെന്നൊക്കെ വിളിച്ചാല് പേടിച്ച് പോകില്ല. പിണറായി വിജയനോട് ചോദിക്കാന് ആര്ജവമുണ്ടോ. സമരം ഞാനും ചെയ്തിട്ടുണ്ട്. ആരെയും പേടിച്ച് പോകാന് ഉദ്ദേശിക്കുന്നില്ല' എന്നും ഷാഫി രൂക്ഷ ഭാഷയില് പ്രതികരിച്ചു. തുടര്ന്ന് പൊലീസ് അനുനയിപ്പിച്ച് വാഹനത്തില് കയറ്റുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർത്തിയായിരുന്നു ഡിവെെഎഫ്ഐ പ്രതിഷേധം. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ എത്തിയപ്പോഴും ഷാഫിക്കെതിരെ ഡിവെെഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായി എത്തിയപ്പോൾ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ഷാഫിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധവുമായി ഡിവെെഎഫ്ഐ പ്രവർത്തകർ എത്തുകയായിരുന്നു. പ്രതിഷേധം സംഘര്ഷത്തിലേക്ക് നീങ്ങി.
Content Highlights: dyfi protest Against Shafi Parambil at vadakara