രാഹുലിന്റേത് ക്രിമിനല്‍ രീതി; നിയമപരമായ നടപടിയെല്ലാം സ്വീകരിക്കും: മുഖ്യമന്ത്രി

പരാതി ഉന്നയിക്കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി. രാഹുലിന്റേത് ക്രിമിനല്‍ രീതിയാണെന്നും നിയമപരമായ നടപടിയെല്ലാം പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി ഉന്നയിക്കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങള്‍ കേരളീയ സമൂഹം ഏറ്റെടുത്തു. അത്തരമൊരാള്‍ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതുഅഭിപ്രായം ഉണ്ട്. ആ നിലയല്ല വന്നിടത്തോളം കാണുന്നത്. എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നല്ല, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുറത്തുവന്ന ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ വലിയ സമയം വേണ്ടിവരില്ലെന്ന് പറയുന്ന അവസ്ഥ. എത്രമാത്രം ക്രിമിനല്‍ രീതിയാണ്. പൊതു പ്രവര്‍ത്തകര്‍ക്ക് ഉള്ള അംഗീകാരത്തിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല. അങ്ങനെ വരുമ്പോള്‍ സാധാരണ നിലയില്‍ നിന്ന് ശക്തമായ നിലപാട് എടുത്ത് പോകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്‍റേത്. അദ്ദേഹത്തിന്റെ പ്രതികരണം സമൂഹം നല്ലതുപോലെ ശ്രദ്ധിക്കും. ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതൊന്നും മറ്റൊരു രീതിയിലല്ല. വികാരം പ്രകടിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്‍മ്മികതയും ഉണ്ട്. അതെല്ലാം നഷ്ടപ്പെട്ടുപോകുമല്ലോയെന്ന വ്യഥ കോണ്‍ഗ്രസില്‍ തന്നെ പലരും പ്രകടിപ്പിച്ചിട്ടുണ്ട്. പലതിന്റെയും ബാധ്യതയായി ഒരാളെ സംരക്ഷിക്കുന്ന നില പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂട. അദ്ദേഹം പ്രകോപിതനാവുകയാണ്. എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെപ്പോലൊരാള്‍ പോകാന്‍ പാടില്ല. വിഷയത്തില്‍ തന്റെ പാര്‍ട്ടില്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ എന്തുകൊണ്ട് അഭിപ്രായംപറഞ്ഞുവെന്ന് ചിന്തിക്കണം. ഒറ്റപ്പെട്ട വ്യക്തിയല്ല പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റുകാര്യങ്ങള്‍ അവര്‍ ചിന്തിക്കേണ്ടതാണ്. സ്വീകരിച്ചത് ശരിയായ നിലയല്ല. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും അപമാനം വരുത്തിവെച്ചു. അത്തരമൊരാളെ വഴിവെച്ചു ന്യായീകരിക്കാന്‍ ശ്രമിച്ചത് ഇത്തരം ആളുകളെ പ്രോത്സാഹിക്കാന്‍ ഇടയാക്കും. എത്രയാളുകളിലേക്ക് വ്യാപിക്കും എന്നുള്ളത് ഇനിയുള്ള കാര്യങ്ങള്‍ കണ്ടാല്‍ മാത്രമെ അറിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: C M Pinarayi Vijayan Reaction over Allegations Against Rahul Mamkootathil

To advertise here,contact us