ഓണക്കാലത്ത് കേരളത്തിന് സൗജന്യ അരി ലഭിക്കും; പിണറായി വിജയന് മറുപടിയുമായി ജോര്‍ജ് കുര്യന്‍

അരി കിട്ടുന്നില്ല എന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിന് പ്രത്യേക അരി ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക. 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും കേന്ദ്രസര്‍ക്കാര്‍ അരി വിതരണം ചെയ്യും. കേരളത്തിന് ആവശ്യമെങ്കില്‍ ആറുമാസത്തെ അഡ്വാന്‍സ് അരി നല്‍കാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതല്ലെങ്കില്‍ സംസ്ഥാനങ്ങൾക്ക് കിലോയ്ക്ക് 22.50 രൂപ നിരക്കിൽ കേന്ദ്രം നല്‍കുന്ന അരി വാങ്ങണം. അരി കിട്ടുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുമണി അരി പോലും അധികം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനാണ് ജോര്‍ജ് കുര്യന്റെ മറുപടി. റേഷന്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് അധിക അരി നല്‍കാനുള്ള തീരുമാനം ജോര്‍ജ് കുര്യന്‍ അറിയിച്ചത്. കേരളത്തില്‍ ബദല്‍ നയം നടപ്പിലാക്കാത്തതിനാലാണ് സംസ്ഥാനം വേറിട്ട് നില്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content highlight; Kerala will get free rice during Onam; George Kurien responds to Pinarayi Vijayan

To advertise here,contact us