'ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തി'; യുവമോർച്ചക്കെതിരെ പരാതി

യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കട ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാളയുമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോ​ഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കട ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നട്ടുച്ച സമയം കിലോമീറ്ററുകളോളം കാളയെ മൂക്കുകയർ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും ക്രൂരത കാട്ടിയെന്നും പരാതിയിൽ പറയുന്നു.

കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപമുയർന്നു. കാളയുമായുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ സമരം ജലപീരങ്കി പ്രയോഗത്തിലാണ് അവസാനിച്ചത്.

അതേസമയം, ലൈംഗികാതിക്രമ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസിൽ പരാതി വന്നിരുന്നു. പൊതുപ്രവർത്തകനായ പി എം സുനിൽ ആണ് ഡിജിപിക്ക് പരാതി നൽകിയത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിത അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രാഹുൽ എംഎൽഎയായി തന്നെ തുടരും. എത്ര കാലത്തേക്കാണ് സസ്പെൻഷൻ എന്നത് വ്യക്തമല്ല. രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎയായി തുടരാനാവുന്ന തരത്തിൽ തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. മുഖം രക്ഷിക്കാൻ പേരിന് സസ്‌പെൻഷൻ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായി റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയേഴ്സ്' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരൻ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം രാഹുലിനെതിരെ നിരവധി ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights: complaint against yuvamorcha on protest against rahul mamkootathil

To advertise here,contact us