പത്തനംതിട്ട: വിവാദങ്ങള്ക്കിടെ വീണ്ടും മാധ്യമങ്ങള്ക്ക് മുന്നിലെത്തി രാഹുല് മാങ്കൂട്ടത്തില് എംഎല്എ. ട്രാന്സ് വുമണും ബിജെപി പ്രവർത്തകയുമായ അവന്തിക ഉന്നയിച്ച ആരോപണങ്ങളില് മാത്രമാണ് രാഹുല് മാങ്കൂട്ടത്തില് മറുപടി നല്കിയത്. ഗർഭഛിദ്രം ഉള്പ്പെടെയുള്ള ആരോപണങ്ങളിൽ രാഹുൽ ഇന്നും പ്രതികരിച്ചില്ല. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില് ഏര്പ്പെടണമെന്ന് രാഹുൽ പറഞ്ഞതായി ആരോപിച്ചയാളാണ് അവന്തിക.എന്നാൽ
ആരോപണം ഉന്നയിക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും ഒരു മാധ്യമപ്രവർത്തകൻ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞതായി ഇന്ന് രാഹുൽ പറയുന്നു.
താങ്കളെ കുടുക്കാന് ശ്രമം ഉള്ളതായി തോന്നിയെന്നാണ് അന്ന് അവന്തിക പറഞ്ഞതെന്ന് രാഹുല് പറയുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയും മാധ്യമ പ്രവർത്തകനും തമ്മിലുള്ള ഓഡിയോ മാധ്യമങ്ങളെ കേള്പ്പിച്ചായിരുന്നു രാഹുലിന്റെ പ്രതിരോധം.
തനിക്കെതിരെ പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാന്സ്ജെൻഡർ സുഹൃത്ത് അവന്തികയാണ്. ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8.24 ന് അവന്തിക തന്നെ ഫോണില് വിളിച്ചിരുന്നു. മാധ്യമപ്രവർത്തകൻ വിളിച്ച് രാഹുൽ മാങ്കൂട്ടത്തിനിലെതിരെ പരാതിയുണ്ടോ മോശമായി അനുഭവം ഉണ്ടോയെന്ന് ചോദിച്ചതായി അവന്തിക പറഞ്ഞു. എന്തെങ്കിലും ഉണ്ടോയെന്ന് താൻ അവന്തികയോട് തിരിച്ചു ചോദിച്ചു. ചേട്ടനെ കുടുക്കാനുള്ള ശ്രമം ആയാണ് തോന്നിയതെന്ന് അവന്തിക പറഞ്ഞെന്നും രാഹുല് പറഞ്ഞു. അവന്തികയും മാധ്യമപ്രവര്ത്തകനും തമ്മിലുള്ള ഫോണ് സംഭാഷണം രാഹുല് പങ്കുവെച്ചു.
ഭീഷണി നേരിട്ടുവെന്ന് പറയുന്നയാള് എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള് പറയണം. ഇപ്പോള് വന്ന വാര്ത്തകള്ക്ക് പിന്നില് ചില ഗൂഢാലോചനയുണ്ട്. തന്റെ ഭാഗം കൂടി കേള്ക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുല് പറഞ്ഞു. ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. ചോദ്യങ്ങള്ക്ക് ഉത്തരമുണ്ട്. താന് കാരണം പാര്ട്ടി പ്രതിസന്ധിയിലാകരുത്. പാര്ട്ടി പ്രവര്ത്തകര് തലകുനിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല് മാങ്കൂട്ടത്തില് പറഞ്ഞു.
ഫോണ് സംഭാഷണത്തിൽ പറയുന്നത്-
അവന്തിക- എല്ലാം മറച്ചുവെച്ച് സംസാരിക്കേണ്ടതില്ലല്ലോ. ആരാണെന്ന് വ്യക്തമാക്കൂ
മാധ്യമപ്രവർത്തകൻ- അവന്തിക ഒരു ഭീഷണി നേരിടുന്നുണ്ടെന്ന് ഒരാൾ പറഞ്ഞു. അവരുടെ പേര് പിന്നീട് പറയാം. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും വളരെ മോശം അനുഭവം നേരിട്ടെന്നും ഭയം കൊണ്ട് പേര് പറയാത്തതാണെന്നും പറഞ്ഞു. ഫോണ് റെക്കോർഡ്സ് നിങ്ങളുടെ കയ്യിലുണ്ടെന്നുമാണ് പറഞ്ഞത്. എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ല.
അവന്തിക- അങ്ങനെയുണ്ടെങ്കിൽ പൊലീസ് വഴി പരാതി പറയാനും പാർട്ടി വഴി പരാതി കൊടുക്കാനും അവസരം ഉള്ള സമൂഹത്തിലല്ലേ ജീവിക്കുന്നത്. മോശം അനുഭവം ഉണ്ടായാൽ തുറന്നുപറയാനുള്ള ബോധവും വിവരവും എനിക്കുണ്ട്. ആർക്കും പരാതി കൊടുത്തിട്ടില്ല. രാഹുൽ നല്ല സുഹൃത്താണ്. എന്നോട് മോശമായി സംസാരിച്ചിട്ടില്ല.
റിപ്പോർട്ടർ -ഒക്കെ
അവന്തിക- പരാതി പറഞ്ഞത് ആരാണ്. എന്നെക്കുറിച്ച് അപവാദം പറഞ്ഞുനടക്കുന്നത് ആരാണ്. പാലക്കാട് എംഎല്എയിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞാൽ എങ്ങനെയാണ്.
മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിന് മുൻപ് തന്നെ അവന്തികയെ വിളിച്ച് ഇക്കാര്യം പുറത്തുപറയട്ടെയെന്ന് ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ നീതിയുടെ പക്ഷത്ത് നില്ക്കില്ലേയെന്നും അവന്തികയോട് ചോദിച്ചിരുന്നുവെന്നും രാഹുൽ പറയുന്നു.
എന്നാൽ രാഹുലിനെതിരെ തുടർച്ചായ ആരോപണങ്ങളും ശബ്ദസന്ദേശവും പുറത്തുവന്ന ഘട്ടത്തിൽ അവന്തിക തനിക്കെതിരെയും നേതാവിൽ നിന്നും ആരോപണം നേരിട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. രാഹുല് മാങ്കൂട്ടത്തില് ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില് ഏര്പ്പെടണമെന്ന് അയാള് പറഞ്ഞെന്നുമായിരുന്നു അവന്തികയുടെ ആരോപണം. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള് തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു. ഡിബേറ്റ് വിത്ത് ഡോ. അരുണ്കുമാറിലായിരുന്നു അവന്തികയുടെ വെളിപ്പെടുത്തല്.
രാഹുലുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്താണ് പരിചയപ്പെടുന്നത്. ഒരു ചര്ച്ചയ്ക്കിടെയായിരുന്നു പരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യല് മീഡിയയില് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അതിന് ശേഷം നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കത്തില് രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു വിളിച്ചിരുന്നത്. പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി. രാഷ്ട്രീയ കാര്യങ്ങള് സംസാരിക്കാനായിരുന്നില്ല അയാള് വിളിച്ചിരുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത്. ഇതിനിടെയാണ് റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില് ഏര്പ്പെടണമെന്ന് പറഞ്ഞത്. കോണ്ഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങള് പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്ക്കും ഇക്കാര്യങ്ങള് അറിയാമെന്നും അവന്തിക പറഞ്ഞിരുന്നു.
രാഹുല് മാങ്കൂട്ടത്തില് ഒരു റേപ്പിസ്റ്റാണെന്ന് തോന്നുന്നു. റേപ്പ് ചെയ്യണം എന്ന് പറയുന്നതിലൂടെ അയാള് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. റേപ്പ് ചെയ്യണം എന്ന് പറഞ്ഞ് നടക്കുന്ന ആള് എങ്ങനെ സമൂഹത്തിന് മാതൃകയാകുമെന്നും അവന്തിക ചോദിരുന്നു.. ഇന്ന് പത്രസമ്മേളനം നടത്തുന്നതിന് മുന്പ് അയാള് വിളിച്ചിരുന്നു. അയാള്ക്കെതിരെ താന് പറയും എന്ന് മനസിലാക്കിയാകും വിളിച്ചത്. അതിന് ശേഷം സംസാരിക്കണം എന്ന് പറഞ്ഞ് സന്ദേശം അയച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു. താന് പറഞ്ഞ ആരോപണങ്ങള് തെറ്റാണെന്ന് അയാള് തെളിയിക്കട്ടെ. രാഹുല് മാങ്കൂട്ടത്തിലിനെ താന് വെല്ലുവിളിക്കുകയാണെന്നും അവന്തിക പറഞ്ഞിരുന്നു.
Content Highlights: Rahul Mamkootathil Resist allegations made by transgender Avantika