'അര്‍ജൻ്റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷം എല്ലാ പ്രചാരണത്തിനും DYFI മുന്നിലുണ്ടാകും': വി വസീഫ്

ഇന്ന് രാത്രി എട്ടരയ്ക്ക് കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ പ്രചാരണ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുമെന്നും വസീഫ് അറിയിച്ചു

കൊച്ചി: ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സന്തോഷമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ടീമിൻ്റെ എല്ലാവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഡിവൈഎഫ്ഐ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളമാകെ അര്‍ജന്റീനയുടെ വരവിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് കേരളത്തിലെ ഫുട്‌ബോള്‍ രംഗത്തിന് പ്രോത്സാഹനമാകുമെന്നും ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞു. അതേസമയം ഇന്ന് രാത്രി എട്ടരയ്ക്ക് കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ പ്രചരണ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുമെന്നും വസീഫ് അറിയിച്ചു. രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ സി കെ വിനീത്, ഷൈജു ദാമോദരന്‍, വിവിധ എംഎല്‍എമാര്‍, ഡിവൈഎഫ്‌ഐ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

കാല്‍പന്തുകളിയുടെ മിശിഹാ ലയണല്‍ മെസി കേരളത്തിലെത്തുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നടത്തിയത്. നവംബര്‍ 10നും പതിനെട്ടിനും ഇടയിലുള്ള ദിവസം മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല എന്ന രീതിയില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഈ പ്രചാരണങ്ങള്‍ തെറ്റായിരുന്നു എന്ന് വ്യക്തമാകുന്ന നിലയിലാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാന്‍ഡ, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.

Content Highlights: DYFI conducting a promotional footmall match ahead of Argentina team Kerala visit

To advertise here,contact us