'കൊമ്പനാനയെ പോലെ നിന്ന ആളിപ്പോൾ കൊമ്പും കാലും ഒടിഞ്ഞ് നിലത്ത് കിടക്കുന്നു'; പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

ഇത്തിരി ഇല്ലാതെ, ഒത്തിരി നാറില്ലെന്നും രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും വ്യക്തിശുദ്ധി വേണമെന്നും വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തിരി ഇല്ലാതെ, ഒത്തിരി നാറില്ലെന്നും രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും വ്യക്തിശുദ്ധി വേണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത് കോൺഗ്രസിന് ചേർന്ന പ്രവർത്തിയല്ല. രാഹുലിന്റേത് പൊയ്മുഖമാണ്, അദ്ദേഹം സ്ത്രീതത്പരനാണെന്നാണ് വാർത്തകളിൽനിന്ന് മനസിലാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലും സ്വഭാവശുദ്ധിവേണം. ജനം അത് ആഗ്രഹിക്കുന്നുണ്ട്. സ്വഭാവശുദ്ധി ഒരു മാനദണ്ഡമാകുന്നത് ജനപ്രീതിനേടാൻ ഏറ്റവും അനിവാര്യമായ ഒന്നാണ്. സ്വഭാവ ശുദ്ധി ഇല്ലാത്തവനെ ജനം അങ്ങേയറ്റം വെറുക്കും എന്നത് മാങ്കൂട്ടത്തിലിന്‍റെ അവസ്ഥയിൽ നിന്ന് വ്യക്തമാണ്. കൊമ്പനാനയെ പോലെ നിന്ന ആളിപ്പോൾ രണ്ട് കൊമ്പും കാലും ഒടിഞ്ഞ് നിലത്ത് കിടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തനിക്ക് രാഷ്ട്രീയ മോഹമില്ല. താനൊരു രാഹുല്‍ മാങ്കൂട്ടത്തിൽ അല്ല. ആർക്കും തന്‍റെ അടുത്ത് വരാം. തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളാണെങ്കിൽ അതൊക്കെ ചെയ്ത് നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം മലപ്പുറത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിനു വേണ്ടി ഇനിയും പറയുമെന്നും മലപ്പുറത്ത് നിന്ന് മുസ്‌ലിംകളെ കുറിച്ച് പറഞ്ഞാൽ തലപോകുമെങ്കിൽ പോകട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: Vellapally Natesan against Rahul Mamkootathil

To advertise here,contact us