അവസാന നിമിഷം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പിന്മാറ്റം; വാർത്താസമ്മേളനം റദ്ദാക്കി

മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് അറിയിച്ചിരുന്ന രാഹുൽ, അവസാന നിമിഷം ഇതിൽ നിന്ന് പിന്മാറുകയായിരുന്നു

പാലക്കാട്: തനിക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാതെ പിന്മാറി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് അറിയിച്ചിരുന്ന രാഹുൽ അവസാന നിമിഷം ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വാർത്താസമ്മേളനമെന്നായിരുന്നു സൂചന. എന്നാൽ രാഹുൽ വാർത്താസമ്മേളനം നടത്തിയാൽ അത് കൂടുതൽ വർത്തമാനങ്ങൾക്കിടയാക്കുമെന്നതിനാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് വാർത്താ സമ്മേളനം വിലക്കിയെന്നും റിപ്പോർട്ടുകളുണ്ട്. മാധ്യമങ്ങളെ പിന്നീട് കാണാമെന്ന് രാഹുൽ അറിയിച്ചതായും വിവരമുണ്ട്.

അതിനിടെ ആരോപണങ്ങൾ രൂക്ഷമായതോടെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നതായും സൂചനകളുണ്ട്. എന്നാൽ രാജിവെക്കില്ലെന്നും മാധ്യമങ്ങളെ നേരിൽ കണ്ട് നിലപാട് വ്യക്തമാക്കുമെന്നുമാണ് രാഹുലുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. ഇതിനിടെയാണ് മാധ്യമങ്ങളെ കാണാതെ ഒഴിഞ്ഞുമാറിയുള്ള രാഹുലിന്റെ നീക്കം.

ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫോണ്‍ സംഭാഷണം പുറത്തായി. എത്ര നിര്‍ബന്ധിച്ചിട്ടും യുവതി ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നതും രാഹുല്‍ യുവതിയെ അസഭ്യം പറയുന്നതും ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാകുന്നുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് ഇന്ന് പുറത്തുവന്നത്.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights: Rahul Mamkootathil Press conference canceled

To advertise here,contact us