സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം നാലായി

മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിന് കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ആകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച രോഗികളുടെ എണ്ണം നാലായി. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നത്. അനയ കുളിച്ച അതേ കുളത്തില്‍ അനിയനും കുളിച്ചിരുന്നു എന്നാണ് വിവരം.

നിലവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനുമാണ് ചികിത്സയിലുള്ളത്.

വ്യാഴാഴ്ച്ചയായിരുന്നു താമരശ്ശേരി ആനപ്പാറയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളത്തില്‍ നിന്നാണ് രോഗബാധയുണ്ടായത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

Content Highlight; Kerala Reports Outbreak of Amebic Meningoencephalitis

To advertise here,contact us