'മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്, അല്ലേ?' പരിഹാസവുമായി സൗമ്യ സരിൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിരവധി സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ പരിഹാസവുമായി സൗമ്യ സരിൻ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിരവധി സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ പരിഹാസവുമായി സൗമ്യ സരിൻ. 'മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്, അല്ലേ?' എന്നായിരുന്നു സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ പി സരിനും രാഹുലിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത് എന്നും ഇതിനെല്ലാം ഒത്താശ ചെയ്യുന്നവർ ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും അതെന്നുമാണ് സരിൻ ചോദിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥയായി രാഹുലിനെതിരെ മത്സരിച്ച നേതാവായിരുന്നു സരിൻ. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, കോൺഗ്രസിൽ നിന്ന് രാജിവെച്ച് സരിൻ സിപിഐഎമ്മിലേക്കെത്തുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ നടപടിയാവശ്യം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണ്. അടിയന്തര നടപടി വേണമെന്ന് ഹൈക്കമാന്‍ഡിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി വൈകുംതോറും അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനിടെ കോൺഗ്രസിലെ വനിതാ നേതാക്കളും രാഹുലിനെതിരെ രംഗത്തുവന്നിരുന്നു. പ്രസിഡന്റ് തെറ്റുകാരനല്ലെങ്കില്‍ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി മുന്നോട്ടുപോവുകയും വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇത്തരമൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കേസ് കൊടുക്കണമെന്നും ആര്‍ വി സ്‌നേഹ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വെയിറ്റ് ആൻഡ് സീ എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവ‍ർത്തകയും അഭിനേതാവുമായ റിനി ആൻ ജോ‍ർജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പുറമെ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന രാഹുലിന്റെ ഗുരുതര ശബ്ദസംഭാഷണവും റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.

Content Highlights: soumya sarin against rahul mamkootathil

To advertise here,contact us