തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് എംഎല്എ രാജിവെക്കണമെന്നും ഉയര്ന്നുവരുന്ന ആരോപണങ്ങളില് അന്വേഷണത്തെ നേരിടണമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. പരാതിക്കാരിക്കെതിരെ സൈബര് ആക്രമണം നടത്തുന്നത് ശരിയല്ല. ഹൂ കെയേര്സ് എന്ന് ഒരു എംഎല്എ പറയുന്നത് ദൗര്ഭാഗ്യകരമാണെന്നും ചിന്ത ജെറോം പറഞ്ഞു.
പരാതിയുമായി യുവതി പ്രതിപക്ഷ നേതാവിന്റെ അടുത്ത് എത്തിയപ്പോള് ആ പരാതി പൊലീസിന് നല്കിയില്ലെന്നും ചിന്ത ജെറോം ആരോപിച്ചു. ഒരാള് നേരിട്ട ദുരനുഭവം ഏറ്റു പറയുമ്പോള് അവര്ക്കെതിരെ സൈബര് ആക്രമണം ഉണ്ടാകുന്നത് ദൗര്ഭാഗ്യകരമാണ്. തീവ്രമായ ആരോപണമാണ് രാഹുലിനെതിരെ ഉയര്ന്നത്. എംഎല്എ സ്ഥാനത്തിരിക്കാന് രാഹുല് യോഗ്യനല്ലെന്നും ചിന്ത ജെറോം പറഞ്ഞു.
യുവതിയെ ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിച്ചതടക്കം ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയരുന്നത്. പാര്ട്ടിക്കകത്ത് നിന്നും രാഹുലിന്റെ രാജി ആവശ്യം ശക്തിപ്പെടുകയാണ്. വരുന്ന വാര്ത്ത സത്യമാണെങ്കില് ഒരു നിമിഷം പോലും കാത്തുനില്ക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഉടന് രാജിവെച്ചു പുറത്തുപോകണമെന്നും യൂത്ത് കോണ്ഗ്രസ് നേതാവ് പി പി ദുര്ഖിഫില് ആവശ്യപ്പെട്ടു. ഒരു പെണ്കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്ന് മഹിളാ കോണ്ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരിച്ചു. മറുപടി പറയേണ്ടത് പാര്ട്ടിയാണ്. പാര്ട്ടി ഉചിതമായ തീരുമാനം എടുക്കും. തനിക്ക് നേരത്തെ ഒരു പരാതിയും ലഭിച്ചിട്ടില്ല. മഹിളാ കോണ്ഗ്രസ് നിലപാട് പാര്ട്ടി അറിയിച്ചിട്ടുണ്ട്. അതില് മറുപടി പറയേണ്ടത് പാര്ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തില് യുവതിയെ ഗര്ഭച്ഛിദ്രത്തിന് സമ്മര്ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗം റിപ്പോര്ട്ടര് പുറത്തുവിട്ടിരുന്നു. സ്വകാര്യത മാനിച്ച് ഫോണ് സംഭാഷണത്തില് യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ്റിപ്പോര്ട്ടര് പുറത്തുവിട്ടത്. യുവ രാഷ്ട്രീയ നേതാവില് നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്ത്തകയും അഭിനേതാവുമായ റിനി ആന് ജോര്ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
അശ്ലീല സന്ദേശങ്ങള് അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്ശനം. അതിനിടെയാണ് രാഹുല് മാങ്കൂട്ടത്തില് ഒരു യുവതിയെ ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഫോണ് സംഭാഷണം പുറത്തുവരുന്നത്. രാഹുല് മാങ്കൂട്ടത്തില് എംഎല്എ സോഷ്യല് മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.നേതാവിനെതിരെ ഗുരുതര ആരോപണങ്ങള് ശക്തമായതോടെ രാജി സമ്മര്ദവും ശക്തമാവുകയാണ്. ആരോപണം എഐസിസി പരിശോധിക്കുകയാണ്. പാര്ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്ഡ് വിശദാംശങ്ങള് തേടിയിട്ടുണ്ട്.
Content Highlights: chintha jerome Against rahul mamkootathil