ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: അന്വേഷണത്തിന് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി കണ്ണൂർ സെൻട്രൽ ജയിലിൽ

ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതാണ് പ്രധാനമായി പരിശോധിക്കുന്നത്

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതാണ് പ്രധാനമായി പരിശോധിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സന്ദര്‍ശനം നടത്തും. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജയിലില്‍ തടവുകാരുടെ ബാഹുല്യമുള്ളതും ജീവനക്കാരുടെ എണ്ണം കുറവായതും നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്ന് മാസത്തെ സമയം കൊണ്ട് അന്വേഷണം പൂര്‍ത്തിയാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൂന്ന് മാസംകൊണ്ട് 15 ജയില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുക പ്രായോഗികമല്ല.

ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഉത്തരമേഖല ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ജയിലിനകത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ അസിസ്റ്റന്റ് സുപ്രണ്ടിന് വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത അരം ഉപയോഗിച്ച് മാത്രം അഴി മുറിക്കാനാകില്ലെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ അന്നേദിവസം മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനാല്‍ ലഭ്യമായ ഉദ്യോഗസ്ഥനെ വിടുകയായിരുന്നുവെന്നും ഇതില്‍ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പുറത്തെത്തിയ ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയില്‍ വെച്ച് മുകളില്‍ സഞ്ചി കൊണ്ട് മറച്ച് പിടിച്ചാണ് റോഡിലൂടെ നടന്നത്. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാല്‍ ഗോവിന്ദച്ചാമി അപ്പോള്‍ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മണിക്കൂറുകള്‍ക്കൊടുവില്‍ കണ്ണൂരില്‍ നിന്ന് തന്നെ ഗോവിന്ദച്ചാമിയെ കണ്ടെത്തുകയായിരുന്നു.

Content Highlights: Govindachamy's jail escape special investigation committee at Kannur Central Jail to investigate.

To advertise here,contact us