'സുരേഷ് ഗോപിയുടെ വാനര പ്രയോഗം കണ്ണാടിയിൽ നോക്കി, വാ തുറന്നത് തൃശ്ശൂരുകാരെ അപമാനിക്കാന്‍‌': ജോസഫ് ടാജറ്റ്

സുരേഷ് ഗോപി അനധികൃതമായി ചേർത്ത വോട്ടുകളെക്കുറിച്ചാണ് കോൺഗ്രസ് പറഞ്ഞത്. ഇതുവരെ പ്രതികരിക്കാതിരുന്ന അദ്ദേഹം ഒടുവിൽ വാ തുറന്നത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു

തൃശ്ശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാനര പരാമർശത്തിനെതിരെ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുരേഷ് ഗോപി ഉപയോഗിച്ച അതേ പദത്തിൽ മറുപടി പറയാൻ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തിന്റേത് കണ്ണാടിയിൽ നോക്കിയുള്ള പരാമർശമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

തൃശ്ശൂരിൽ വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശം. ഇവിടെനിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ, ഉന്നയിക്കലുമായി, അവരോട് കോടതിയിൽ പോകാൻ പറ. അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപി മറുപടി കണ്ണാടിയിൽ നോക്കാതെ പറയണം. അദ്ദേഹം അനധികൃതമായി ചേർത്ത വോട്ടുകളെക്കുറിച്ചാണ് കോൺഗ്രസ് പറഞ്ഞത്. ഇതുവരെ പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി ഒടുവിൽ വാ തുറന്നത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്നും മറുപടിയായി ജോസഫ് ടാജറ്റ് പറഞ്ഞു.

തൃശ്ശൂരിലെ വോട്ടർമാരെ അവഹേളിക്കുകയാണ് അദ്ദേഹം. തെറ്റ് ബോധ്യപ്പെട്ടപ്പോൾ പിടിച്ചുനിൽക്കാൻ വേണ്ടി നടത്തിയ അഭിപ്രായപ്രകടനമാണിതെന്നും ടാജറ്റ് വിമർശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ജോസഫ് ടാജറ്റ് തെളിവ് സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാവായ സുരേഷ് ഗോപിയും കുടുംബവും വ്യാജവോട്ട് ചേർത്തെന്നും ടാജറ്റ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി എസ് സുനിൽകുമാറും സമാന വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി ഇക്കാര്യത്തിൽ ആദ്യമായാണ് ഇന്ന് മൗനം വെടിഞ്ഞത്.

'ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും. മറുപടി പറയേണ്ടത് അവരാണ്. താൻ മന്ത്രിയാണ്. ആ ഉത്തരവാദിത്തം പെർഫെക്ടായി പാലിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. മറുപടി പറയേണ്ടവർ ഇന്ന് മറുപടി നൽകും. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ അവരോട് ചോദിച്ചോളൂ. ഇല്ലെങ്കിൽ പിന്നെ അവരത് സുപ്രീം കോടതിയിൽ എത്തിക്കുമ്പോൾ കോടതിയോട് നിങ്ങൾ ചോദിച്ചാൽ മതി. ഇവിടെനിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി അവരോട് അങ്ങോട്ട് പോകാൻ പറ. അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറ' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരം അണിയിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി.

Content Highlights: Thrissur DCC president Joseph Tajet against Suresh Gopi

To advertise here,contact us