'കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ, അവരോട് കോടതിയിൽ പോകാൻ പറ'; വോട്ടു കൊള്ള ആരോപണത്തിൽ സുരേഷ് ഗോപി

തൃശ്ശൂരില്‍ ശക്തൻ തമ്പുരാൻ പ്രതിമയിൽ സുരേഷ് ഗോപി ഹാരം അണിയിച്ചു

തൃശ്ശൂർ: വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയേണ്ടത് താനല്ലെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുമെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കൂവെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു

ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും. മറുപടി പറയേണ്ടത് അവരാണ്. താൻ മന്ത്രിയാണ് ആ ഉത്തരവാദിത്തം പെർഫെക്ടായി പാലിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മറുപടി പറയേണ്ടവർ ഇന്ന് മറുപടി നൽകും. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ അവരോട് ചോദിച്ചോളൂ. ഇല്ലെങ്കിൽ പിന്നെ അവരത് സുപ്രീം കോടതിയിൽ എത്തിക്കുമ്പോൾ കോടതിയോട് നിങ്ങൾ ചോദിച്ചാൽ മതി. ഇവിടെനിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി അവരോട് അങ്ങോട്ട് പോകാൻ പറ. അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃശ്ശൂരില്‍ ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരം അണിയിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. കെഎസ്ആർടിസി ബസ് ഇടിച്ച് മുൻപ് ശക്തൻ തമ്പുരാൻ പ്രതിമ തകർന്നിരുന്നു. പിന്നീട് സുരേഷ് ഗോപിയാണിത് പുനർനിർമ്മിച്ചത്. ചിങ്ങം ഒന്നിന് ശക്തൻ തമ്പുരാന് ഹാരം അണിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹൃദയം പറഞ്ഞു അത് ചെയ്തു. ശക്തൻ തമ്പുരാന്റെ ശക്തി തൃശ്ശൂരിന് തിരിച്ച് ലഭിക്കണം. അതിനുള്ള ആദ്യ സമർപ്പണമാണ് നടത്തിയതെന്നാണ് ഹാരാർപ്പണത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നായിരുന്നു സുരേഷ്ഗോപിക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇതിനോട് യാതൊരു പ്രതികരണവും സുരേഷ് ഗോപി നടത്തിയിരുന്നില്ല.

Content Highlights: 'Why should I answer, the Election Commission will tell everything'; Suresh Gopi reacts to vote rigging

To advertise here,contact us