മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും മുന് മന്ത്രിയും എംഎല്എയുമായ കെ ടി ജലീല്. ബ്ലൂഫിന് വില്ല പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പി കെ ഫിറോസിനെതിരെ ജലീല് ആരോപണം ഉയര്ത്തിയിരിക്കുന്നത്. ബ്ലൂഫിന് വില്ല പ്രൊജക്ടിന് ഫിറോസ് ഭൂമി എടുത്തിരിക്കുന്നത് എവിടെയാണെന്നും ആ ഭൂമി വാങ്ങാനുള്ള പണം ഫിറോസിന് എവിടെ നിന്നാണ് ലഭിച്ചതെന്നുമാണ് ജലീല് ഫേസ്ബുക്കില് പങ്കുവെച്ചിരിക്കുന്ന കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പി കെ ഫിറോസ് വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെച്ച് ചൂണ്ടിക്കാട്ടി ജലീല് ഫിറോസിനെതിരെ വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയ്ക്ക് പരാതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലൂഫിന് കമ്പനിയുമായി ബന്ധപ്പെട്ട് ഫിറോസിനെതിരെ ജലീല് ആരോപണം ഉയര്ത്തിയിരിക്കുന്നത്.
പത്രക്കാരെ നേരില് കണ്ട് ഈ ചോദ്യങ്ങള്ക്ക് തെളിവുയര്ത്തി മറുപടി പറയാന് ഫിറോസിന് ധൈര്യമുണ്ടോ എന്ന ചോദ്യവും ജലീല് ഉയര്ത്തി. സഹോദരന് ബുജൈറിന്റെ ജാമ്യത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ തിരക്കിലാണെങ്കില് ഫേസ്ബുക്കിലൂടെ മറുപടി നല്കിയാല് മതിയെന്നും ജലീല് പറഞ്ഞു. ഫിറോസിന്റെ വില്ല പ്രൊജക്ടില് പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടാതിരിക്കാന് ലീഗിലെ പുത്തന് പണക്കാര് ശ്രദ്ധിച്ചാല് അവര്ക്ക് നല്ലതെന്നും ജലീല് കൂട്ടിച്ചേര്ത്തു.
അഭിഭാഷകനായ ഹരീഷ് വാസുദേവനുമായി ബന്ധപ്പെട്ട് ഫിറോസിനുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും ജലീല് ചോദ്യം ഉയര്ത്തിയിട്ടുണ്ട്. ഹരീഷ് വാസുദേവന് കൊടുക്കാനുള്ള ഒരു ലക്ഷം അദ്ദേഹത്തിന്റെ അച്ഛന് 2011-ല് സ്ഥലം വാങ്ങാന് ഫിറോസിന് കൊടുത്ത ലക്ഷങ്ങള്ക്ക് പുറമെയാണോ എന്നാണ് ജലീലിന്റെ ചോദ്യം. ഇക്കാര്യത്തില് വ്യക്തത വരുത്തേണ്ടത് ഫിറോസും ഹരീഷുമാണ്. അതല്ല ഫിറോസിന്റെ 'നിക്ഷേപമില്ലാത്ത സംരഭ'ത്തിലേക്ക് ഓഹരിയായിട്ടാണോ ഹരീഷ് തുക കൊടുത്തത് എന്ന ചോദ്യവും ജലീല് ഉയര്ത്തുന്നുണ്ട്. ഏറ്റവും ഒടുവില് മയക്കുമരുന്നിന് അടിമയായ സഹോദരന് ബുജൈറിന്റെ വക്കീലായി തന്റെ സഹപാഠി ഹരീഷ് വാസുദേവനെയാണോ ഫിറോസ് ഏര്പ്പാടാക്കിയിരിക്കുന്നതെന്നും ജലീല് ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
യഥാര്ത്ഥ യുദ്ധം 'BlueFin കമ്പനി' കാണാനിരിക്കുന്നതേ ഉള്ളൂ.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില് ഏതാണ്ട് 22 ലക്ഷം രൂപ വിവിധ വ്യക്തികളില് നിന്ന് കടം വാങ്ങിയതായാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ ഫിറോസ് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചപ്പോള് സത്യവാങ്ങ്മൂലത്തില് പറഞ്ഞിരുന്നത്. ഈ പണം ബാങ്ക് മുഖേനയാണോ ഫിറോസ് വാങ്ങിയതെന്ന് വ്യക്തമാക്കാന് അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. അല്ലെങ്കില് അതിനെ കള്ളപ്പണമായി കരുതേണ്ടി വരും.
അഡ്വ: ഹരീഷ് വാസുദേവന് കൊടുക്കാനുള്ള ഒരു ലക്ഷം അദ്ദേഹത്തിന്റെ അച്ഛന് 2011-ല് സ്ഥലം വാങ്ങാന് ഫിറോസിന് കൊടുത്ത ലക്ഷങ്ങള്ക്ക് പുറമെയാണോ? വ്യക്തമാക്കേണ്ടത് ഫിറോസും ഹരീഷ് വാസുദേവനുമാണ്. അതല്ല ഫിറോസിന്റെ 'നിക്ഷേപമില്ലാത്ത സംരഭ'ത്തിലേക്ക് ഓഹരിയായിട്ടാണോ ഹരീഷ് തുക കൊടുത്തത്? അക്കാര്യം ഹരീഷാണ് വെളിപ്പെടുത്തേണ്ടത്. സത്യവാങ്ങ്മൂലത്തിന്റെ കോപ്പി ഇമേജിലുണ്ട്.
'BlueFin വില്ല പ്രൊജക്ട് പണിയാന് എവിടെയാണ് ഫിറോസ് ഭൂമി എടുത്തിരിക്കുന്നത്? വയനാട്ടിലാണോ കോഴിക്കോട്ടാണോ? ആ ഭൂമി വാങ്ങാനുള്ള പണം ഫിറോസിന് കിട്ടിയത് എവിടെ നിന്നാണ്?
പത്രക്കാരെ നേരില് കണ്ട് ഈ ചോദ്യങ്ങള്ക്ക് തെളിവുയര്ത്തി മറുപടി പറയാന് ഫിറോസിന് ധൈര്യമുണ്ടോ? സഹോദരന് ബുജൈറിന്റെ ജാമ്യത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ തിരക്കിലാണെങ്കില് ഫേസ് ബുക്കിലൂടെ മറുപടി നല്കിയാലും മതി. ഫിറോസിന്റെ വില്ല പ്രൊജക്ടില് പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടാതിരിക്കാന് ലീഗിലെ പുത്തന് പണക്കാര് ശ്രദ്ധിച്ചാല് അവര്ക്കു നല്ലത്.
ചആ: മയക്കുമരുന്നിന് അടിമയായ സഹോദരന് ബുജൈറിന്റെ വക്കീലായി തന്റെ സഹപാഠി അഡ്വ: ഹരീഷ് ദേവനെയാണോ ഫിറോസ് ഏര്പ്പാടാക്കിയിരിക്കുന്നത്?
ഹരഹരോ ഹരഹര!
കഴിഞ്ഞ ദിവസമായിരുന്നു ഫിറോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജലീല് രംഗത്തെത്തിയത്. വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിജിലന്സിന് പരാതി നല്കിയതിന് പുറമേ വാര്ത്താസമ്മേളനത്തിലും ഫിറോസിനെതിരെ ജലീല് ആരോപണം ഉയര്ത്തിയിരുന്നു. കാര്യമായ വരുമാനമാര്ഗമില്ലാത്ത ഫിറോസ് കുന്നമംഗലത്ത് ദേശീയപാതയോഗത്ത് ലക്ഷങ്ങള് വിലവരുന്ന ഭൂമി സ്വന്തമാക്കി ആഢംബര വീട് പണിതുവെന്ന് ജലീല് പറഞ്ഞിരുന്നു. കോഴിക്കോട് ബ്ലൂഫിന് എന്ന പേരില് വില്ല പ്രൊജക്ട് ആരംഭിച്ചു. ഇതിന്റെ സാമ്പത്തിക ഉറവിടം അന്വേിക്കണമെന്നും ജലീല് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജലീലിന് മറുപടിയുമായി ഫിറോസ് രംഗത്തെത്തിയിരുന്നു. കെ ടി ജലീലിന്റെ കിളി പോയിരിക്കുകയാണെന്നും രാവിലെ എഴുന്നേറ്റാല് മുതല് പിച്ചും പേയും പറയുകയാണെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്.
Content Highlights-K T Jaleel ask questions to muslim youth league leader p k firos over bluefin villa project