'ഇന്ത്യയിൽ സ്വാതന്ത്ര്യ ധ്വംസനം നടക്കുന്നു, ഏത് നിമിഷവും തുറങ്കലിൽ അടക്കപ്പെടാവുന്ന സാഹചര്യം';ജോസഫ് പാംപ്ലാനി

ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടക്കപ്പെടാവുന്ന സാഹചര്യമാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും പാംപ്ലാനി

കണ്ണൂർ: ഇന്ത്യയിൽ സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്നതായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്നും ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടക്കപ്പെടാവുന്ന സാഹചര്യമാണെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും പാംപ്ലാനി പറഞ്ഞു.

ഛത്തീസ്ഗഡിൽ ബജ്റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം നേരിടുകയിലും അറസ്റ്റിലാവുകയും ചെയ്ത കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രാധനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാംപ്ലാനി നന്ദി അറിയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാംപ്ലാനിയുടെ പ്രതികരണം.

കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് വാക്ക് പാലിച്ചു എന്നതിൽ സന്തോഷം. ഛത്തീസ്ഗഡ് സർക്കാരിന്റെ എതിർപ്പിനെ മറികടന്ന് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നായിരുന്നു മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്. പിന്നാലെ പാംപ്ലാനിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നു.

പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാൾ ഇല്ലെന്നുമായിരുന്നു ഗോവിന്ദൻറെ വിമർശനം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതി. അച്ചന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്.

പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദി എന്ന് തന്നെ പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. അവസരവാദം എന്നത് അശ്ലീലഭാഷയല്ലെന്നും തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചതെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

വിഷയത്തിൽ ഡിവൈഎഫ്‌ഐയും പാംപ്ലാനിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ഗോവിന്ദച്ചാമി സംസാരിക്കുന്നതുപോലെ എം വി ഗോവിന്ദൻ സംസാരിക്കരുതെന്നാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ പ്രതികരിച്ചത്. മൈക്കും കുറേ ആളുകളെയും കാണുമ്പോൾ സ്ഥലകാലബോധം നഷ്ടപ്പെട്ടാണ് എം വി ഗോവിന്ദന്റെ പ്രതികരണമെന്നാണ് ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞത്.

Content Highlights: 'Freedom is being destroyed in India'says Joseph Pamplany

To advertise here,contact us