ഷോണ്‍ ജോര്‍ജിന് തിരിച്ചടി: എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തളളി

എസ്എഫ് ഐ ഒ രേഖകള്‍ ഷോണ്‍ ജോര്‍ജിന് പരിശോധിക്കാമെന്ന സെഷൻസ് കോടതിയുടെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിലെ എസ്എഫ് ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഷോണ്‍ ജോര്‍ജിന് നല്‍കില്ല. ഷോണ്‍ ജോര്‍ജിന്റെ ആവശ്യം കോടതി തളളി. എസ്എഫ്ഐഒ രേഖകള്‍ ഷോണ്‍ ജോര്‍ജിന് പരിശോധിക്കാമെന്ന ഉത്തരവും റദ്ദാക്കി. എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. സിഎംആര്‍എല്ലിന്റെ ഭാഗംകൂടി കേട്ട് പുതിയ തീരുമാനമെടുക്കാനാണ് നിര്‍ദേശം. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറിലെ സിബിഐ- ഇ ഡി അന്വേഷണ ആവശ്യത്തില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുളളവരെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി നേരത്തെ ഷോൺ ജോർജിന് നിർദ്ദേശം നൽകിയിരുന്നു. വീണാ വിജയന്‍, എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍ കമ്പനി, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍, ശശിധരന്‍ കര്‍ത്ത തുടങ്ങി പതിമൂന്നുപേരെ കക്ഷിചേര്‍ക്കാനായിരുന്നു നിര്‍ദേശം. ഹര്‍ജിയില്‍ പതിമൂന്ന് പ്രതികളെയും കക്ഷി ചേര്‍ക്കാന്‍ ഷോണ്‍ ജോര്‍ജ് അപേക്ഷ നല്‍കിയിരുന്നു.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആർഎല്ലിനും വീണാ വിജയനുമെതിരെ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. തട്ടിപ്പില്‍ വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവര്‍ത്തിക്കാത്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്‌സാ ലോജിക്കിനു നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. എക്‌സാലോജികിന് സിഎംആര്‍എല്‍ പ്രതിമാസം 3 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട് എന്നുമായിരുന്നു എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍.

Content Highlights: Setback to shone george: High Court rejects request to provide copy of SFIO report

To advertise here,contact us