തൃശ്ശൂരില്‍ ചേര്‍ത്ത വോട്ടുകള്‍ ആലത്തൂരിലേക്ക് തിരിച്ചെത്തുന്നു; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആലത്തൂരില്‍ നിന്നും തൃശ്ശൂര്‍ മണ്ഡലത്തില്‍ ചേര്‍ത്ത വോട്ടുകള്‍ തിരികെ ചേര്‍ക്കുന്നതായി കണ്ടെത്തല്‍. തൃശ്ശൂര്‍ കോലഴി പഞ്ചായത്തിലെ ശോഭാസിറ്റി മേഖലയില്‍ നിന്നും 236 പേരാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ അയ്യന്തോള്‍, പൂങ്കുന്നം മേഖലകളില്‍ ബിജെപി മാറ്റിച്ചേര്‍ത്ത വോട്ടുകള്‍ ആണ് ഇതെന്ന് കോലഴി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍ എ സാബു ആരോപിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചത്. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.

തൃശൂരില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്‌മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.

അതിനിടെ കഴിഞ്ഞ ദിവസം ബിജെപി, സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു സംഘത്തിലെ നേതാക്കള്‍ക്കെതിരെ കേസെടുത്തു. അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. സുരേഷ് ഗോപി എംപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സുരേഷ് ഗോപിയുടെ എംപി ക്യാമ്പ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ച എം പിയുടെ പേരെഴുതിയ ബോര്‍ഡില്‍ വിപിന്‍ എന്നയാളാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും സംഭവം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്. സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

Content Highlights: Lok Sabha Election Votes cast in Thrissur are returning to alathur congress Complaint

To advertise here,contact us