ആലത്തൂരും തൃശ്ശൂരും വോട്ട്; ആര്‍എസ്എസ് നേതാവിനും ഭാര്യയ്ക്കും ഇരട്ട വോട്ടെന്ന് ആരോപണം

ഇരുവര്‍ക്കും ആലത്തൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. ഇരുവരുടേയും വോട്ട് തൃശൂര്‍ മണ്ഡലത്തിലും ചേര്‍ത്തു എന്നാണ് ആരോപണം

തൃശൂര്‍: തൃശൂരില്‍ ആര്‍എസ്എസ് നേതാവിനും ഭാര്യയ്ക്കും ഇരട്ട വോട്ടെന്ന് ആരോപണം. തൃശ്ശൂരിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ വിവരവും പുറത്തുവരുന്നത്. ബിജെപി പ്രാദേശിക നേതാവ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി, യോഗാ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കെ ആര്‍ ഷാജി, ഭാര്യ സി ദീപ്തി എന്നിവര്‍ക്ക് ഇരട്ട വോട്ടെന്നാണ് ആരോപണം. ഇരുവര്‍ക്കും ആലത്തൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. ഇരുവരുടേയും വോട്ട് തൃശൂര്‍ മണ്ഡലത്തിലും ചേര്‍ത്തു എന്നാണ് ആരോപണം.

തൃശൂരില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ പേര് വ്യാപകമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതായി ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ അടക്കം പതിനൊന്ന് പേരുടെ വോട്ട് ഇത്തരത്തില്‍ ചേര്‍ത്തതായി ആരോപണം ഉണ്ട്. ഇതിനിടെയാണ് ആലത്തൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള ആര്‍എസ്എസ് നേതാവിന്റെ പേര് തൃശൂരിലെ വോട്ടർ പട്ടികയിലും ചേര്‍ത്തിരിക്കുന്നത് എന്ന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഷാജിയും ഭാര്യയും വരവൂര്‍ നടത്തറയില്‍ കള്ളിവളപ്പില്‍ എന്ന മേല്‍വിലാസത്തിലായിരുന്നു താമസിച്ചിരുന്നത്. വരവൂര്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ഷാജിക്കും ഭാര്യ സ്മിതക്കും വര്‍ഷങ്ങളായി ആലത്തൂരിലാണ് വോട്ട്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരുടേയും പേര് തൃശൂര്‍ മണ്ഡലത്തില്‍ ചേര്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. തൃശൂര്‍ പൂങ്കുന്നത്തെ ഇന്‍ലാന്‍ഡ് ഉദയയിലെ 1 ഡി ഫ്‌ളാറ്റിലെ വിലാസത്തിലാണ് രണ്ടാമത്തെ വോട്ട് ചേര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടറിന്റെ വിശദ അന്വേഷണത്തില്‍ ഇരുവരും ഇന്‍ലാന്‍ഡ് ഉദയയിലെ ഫ്‌ളാറ്റില്‍ താമസിച്ചിട്ടില്ലെന്നാണ് വ്യക്തമായത്. ഇവര്‍ ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ഇരട്ട വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയും ഇരട്ട വോട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വോട്ടറായ വി ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കുകയും അത് ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണം. തൃശൂരിലെ ബിജെപി പ്രാദേശിക നേതാവ് ഹരിദാസിനെതിരെയും ഇത്തരത്തില്‍ ഇരട്ട വോട്ട് ആരോപണം ഉയര്‍ന്നു. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വേലൂര്‍, തൃശൂര്‍ മണ്ഡലത്തില്‍പ്പെടുന്ന പൂങ്കൂന്നം എന്നിവിടങ്ങളില്‍ വോട്ടുണ്ടെന്നാണ് ആരോപണം. തൃശൂരില്‍ വ്യാപകമായി വോട്ട് ചേര്‍ക്കപ്പെട്ടു എന്ന് ആരോപണം ഉയര്‍ന്ന ക്യാപിറ്റല്‍ വില്ലേജ് എന്ന മേല്‍വിലാസത്തില്‍ തന്നെയായിരുന്നു ഹരിദാസിനും വോട്ടുള്ളത്. വോട്ട് ചേര്‍ത്തു എന്ന കാര്യം ഹരിദാസ് നിഷേധിക്കുന്നില്ലെങ്കിലും അത് മറ്റാരോ ചേര്‍ത്തു എന്നാണ് ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലത്തിലും വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും ഹരിദാസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് തൃശൂരും വിവാദമാകുന്നത്. തൃശൂരില്‍ വ്യാപകമായി വോട്ടുകള്‍ ചേര്‍ക്കപ്പെട്ടതായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍ ആരോപിച്ചിരുന്നു.

Content Highlights- Vote in two constituencies; Double vote allegation against rss leader and wife

To advertise here,contact us