കൊടി സുനിയുടെ ജയില്‍ മാറ്റണമെന്ന് ജയില്‍ വകുപ്പ്; കോടതിയില്‍ അപേക്ഷ നല്‍കി

മാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കായി തവനൂരില്‍ നിന്നാണ് കൊടി സുനിയെ കണ്ണൂരിലേക്ക് മാറ്റിയത്

കണ്ണൂര്‍: ടി പി കൊലക്കേസിലെ പ്രതി കൊടി സുനിയുടെ ജയില്‍ മാറ്റണമെന്ന് ജയില്‍ വകുപ്പ്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയില്‍ വകുപ്പ് അപേക്ഷ നല്‍കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റാനാണ് അപേക്ഷ. മാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കായി തവനൂരില്‍ നിന്നാണ് കൊടി സുനിയെ കണ്ണൂരിലേക്ക് മാറ്റിയത്.

നേരത്തെ പരസ്യ മദ്യപാനം വിവാദമായതിന് പിന്നാലെ മാഹി ഇരട്ടക്കൊലക്കേസില്‍ കൊടി സുനി അടക്കമുള്ള പ്രതികളുടെ വിചാരണ നടന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു. കഴിഞ്ഞ മാസം പതിനേഴിനായിരുന്നു പൊലീസ് സാന്നിധ്യത്തിൽ കൊടി സുനിയുടെയും സംഘത്തിൻ്റെയും പരസ്യമദ്യപാനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതികളെ വിചാരണയുടെ ഭാഗമായി തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചത്.

കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതായി കോടതി പിരിഞ്ഞിരുന്നു. ഈ സമയം ഭക്ഷണം വാങ്ങി നല്‍കുന്നതിനായി പ്രതികളെ പൊലീസ് സമീപത്തെ വിക്ടോറിയ ഹോട്ടലില്‍ എത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യം കഴിച്ചു എന്നുമായിരുന്നു പരാതി.

ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസിന് വീഴ്ച സംഭവിച്ചതായി വ്യക്തമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഒ ഉദ്യോഗസ്ഥരായ ജിഷ്ണു, വൈശാഖ്, വിനീഷ് എന്നിവരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. 2010 മെയ് 28നായിരുന്നു മാഹിയില്‍ ഇരട്ടക്കൊല നടക്കുന്നത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിജിത്ത്, ഷിനോജ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു ആക്രമണം. കേസില്‍ കൊടി സുനി രണ്ടാം പ്രതിയും മുഹമ്മദ് ഷാഫി നാലാം പ്രതികളുമാണ്. കേസില്‍ പതിനാറ് പ്രതികളാണുള്ളത്.

Content Highlights: Jail department at court to changed Kodi Suni s jail

To advertise here,contact us