തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വീണ്ടും വൈസ് ചാൻസലർ മോഹനന് കുന്നുമ്മല് രംഗത്ത്. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് വൈസ് ചാൻസലർക്കുവേണ്ടി രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ ഫയലുകൾ വിളിച്ചുവരുത്താൻ പാടില്ല.
അംഗങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ അധികാരം പ്രയോഗിക്കാൻ പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാല ഭരണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഉത്തരവുണ്ട്.
അംഗങ്ങളുടെ സമൻസുകൾക്കും നിർദ്ദേശങ്ങൾക്കും ജീവനക്കാർ മറുപടി നൽകേണ്ടതില്ല. അത്തരത്തിലുള്ള ഇടപെടലുകൾ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാൽ വിസിയെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.
കേരള സർവ്വകലാശാസലയിൽ സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിലെ തർക്കം മുറുകിവരികയാണ്. വൈസ് ചാന്സലര് സിന്ഡിക്കേറ്റ് റൂം പൂട്ടിയത് വലിയ വിവാദമായിരുന്നു. അനുവാദമില്ലാതെ സിന്ഡിക്കേറ്റ് റൂം തുറക്കരുതെന്നും സിന്ഡിക്കേറ്റ് യോഗങ്ങളോ കമ്മിറ്റികളോ ഉള്ള ദിവസം മാത്രമെ റൂം തുറക്കാന് പാടുള്ളൂവെന്നും വൈസ് ചാന്സലര് രജിസ്ട്രാര് ഇന് ചാര്ജ് മിനി കാപ്പനും പ്രൈവറ്റ് സെക്രട്ടറിക്കും നിര്ദേശം നല്കിയിരുന്നു.
റൂമിന്റെ താക്കോല് വൈസ് ചാന്സലറുടെ മുറിയില് സൂക്ഷിക്കാനാണ് നിര്ദേശിച്ചിരിക്കുന്നത്. സിന്ഡിക്കേറ്റ് റൂമില് വിളിച്ചുവരുത്തി ഇടത് അംഗങ്ങള് അധിക്ഷേപിച്ചു എന്ന ജീവനക്കാരുടെ പരാതിയിലായിരുന്നു വൈസ് ചാന്സലറുടെ നടപടി. റൂമിന്റെ താക്കോല് മോഷണം പോയി എന്ന് ആരോപിച്ച് ഇടത് അംഗങ്ങള് രംഗത്ത് വന്നിരുന്നു. രജിസ്ട്രാര് നല്കിയ കേസ് പരിഗണിക്കാനിരിക്കെ സുപ്രധാന രേഖകള് കടത്താനുള്ള നീക്കമാണോയിതെന്ന് സംശയമുണ്ടെന്നും വിസിയുടെ അറിവോടെയാണ് എടുത്തതെന്ന് സംശയിക്കുന്നുവെന്നും അവര് ആരോപിച്ചിരുന്നു.
Content Highlights: Vice Chancellor Mohanan Kunnummal against the syndicate at Kerala University