'രോഗിയെ കയറ്റിയ ശേഷം ആംബുലൻസ് തടഞ്ഞിട്ടില്ല';രോഗി മരിച്ചെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി

കേസിനെ നിയമപരമായി നേരിടുമെന്ന് വിനോദ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് രോഗി മരിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ്. രോഗിയെ കയറ്റിയ ശേഷം ആംബുലന്‍സ് തടഞ്ഞിട്ടില്ലെന്ന് വിനോദ് പറഞ്ഞു. തങ്ങള്‍ തന്നെയാണ് രോഗിയെ ഈ ആംബുലന്‍സില്‍ കയറ്റിവിട്ടതെന്ന് വിനോദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'രോഗി വന്നതിന് ശേഷം ആറ് മിനിറ്റ് മാത്രമേ പുറപ്പെടാന്‍ എടുത്തുള്ളു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. മരിച്ച ബിനുവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കേസിനെ നിയമപരമായി നേരിടും', വിനോദ് പറഞ്ഞു.

സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ലാല്‍ റോഷിയാണ് കേസില്‍ ഒന്നാം പ്രതി. അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആബുലന്‍സില്‍ കയറ്റാന്‍ കഴിയാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞതിനും മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നത്. പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞെന്നാണ് ഉയര്‍ന്ന ആരോപണം. ശനിയാഴ്ച വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടന്നത്. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ വിതുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫിറ്റ്നസ്സ് ഇല്ലാത്ത ആംബുലന്‍സ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. എന്നാല്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.Content Highlights: Youth Congress leader about allegation on Death of Dalit youth after block Ambulance

To advertise here,contact us