സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

മറ്റു ജില്ലകളിൽ ഇടത്തരം മഴയ്ക്കാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ തീവ്രത അൽപം കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി മുതൽ കാസർകോടുവരെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഇടത്തരം മഴയ്ക്കാണ് സാധ്യത.

തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ, തെക്കു കിഴക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ) കണ്ണൂർ-കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Content Highlights: chance for rain in kerala and yellow alert in 9 districts

To advertise here,contact us