രാസലഹരികൾ വരുന്നത് ബെംഗളൂരുവിൽ നിന്ന്; ലഹരിക്കേസുകളിലെ ലിങ്കുകൾ കണ്ടുപിടിക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ട്: റവാഡ

അതിര്‍ത്തികളിലെ നിരീക്ഷണം ശക്തപ്പെടുത്തണമെന്നും റവാഡ വ്യക്തമാക്കി

തിരുവനന്തപുരം: ലഹരിയെ ഒരുമിച്ച് ചേര്‍ന്ന് നേരിടാമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ലഹരിയെ കുറിച്ചുള്ള അന്വേഷണത്തിന് നിരവധി ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുടെ ലിങ്കുകള്‍ കണ്ടുപിടിച്ച് കേസന്വേഷിക്കുന്നതിന് നിയമപരവും പ്രാക്ടിക്കലുമായ ബുദ്ധിമുട്ടുകളുണ്ടെന്നും റവാഡ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

'ലഹരി കേസിലെ പലരും അന്യദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് എന്‍സിബിയുടെ സഹായവും വേണം. ഇവിടെ മൂന്ന് വിഭാഗം ലഹരികളാണുള്ളത്. ഒരെണ്ണം കഞ്ചാവ് പോലെയുള്ളതാണ്. കഞ്ചാവ് പോലുള്ള ലഹരികള്‍ ആന്ധ്രപ്രദേശിന്റെ അതിര്‍ത്തിയില്‍ നിന്നാണ് വരുന്നത്. രാസലഹരികള്‍ ബെംഗളൂരുവില്‍ നിന്നും കെക്കെയ്ന്‍, ഹെറോയിന്‍ പോലുള്ളവ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴിയാണ് വരുന്നത്', അദ്ദേഹം വ്യക്തമാക്കി.

ഇത് മൂന്നിലും നിരീക്ഷണം കൂട്ടണമെന്നും അതിര്‍ത്തികളിലെ നിരീക്ഷണം ശക്തപ്പെടുത്തണമെന്നും റവാഡ വ്യക്തമാക്കി. കുട്ടികളെ ലഹരി വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. 'ഇവിടെ 88000 കുട്ടിപൊലീസുണ്ട്, കൊളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുണ്ട്, ജനമൈത്രിയുടെ ഭാഗമായുള്ള ആളുകളുമുണ്ട്. എല്ലാവരും ചേര്‍ന്ന് ഒന്നിച്ച് ജോലി ചെയ്താല്‍ കുട്ടികളിലെ ലഹരി തടയാം. ഒന്നിച്ച് നേരിടാം', അദ്ദേഹം പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ 'ഫ്രണ്ട്ലി' ആകണമെന്നും റവാഡ കൂട്ടിച്ചേര്‍ത്തു. പരാതിയുമായി വരുന്നവര്‍ക്ക് ആശ്വാസം നല്‍കണമെന്നും ഇരകളോടും പരാതിക്കാരോടും നന്നായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് തെളിവുകള്‍ കൈമാറാനുള്ള സാഹചര്യം ഒരുക്കണമെന്നും റവാഡ വ്യക്തമാക്കി. കേരള പൊലീസ് മികച്ച പ്രൊഫഷണല്‍ സേനയാണെന്നും അന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും റവാഡ പറഞ്ഞു.

Content Highlights: Ravada Chandrasekhar about drug cases in Kerala

To advertise here,contact us