കൊച്ചി: സിഎംആര്എല്-എക്സാലോജിക് കരാറിലെ സിബിഐ- ഇ ഡി അന്വേഷണ ആവശ്യത്തില്, SFIO റിപ്പോര്ട്ടില് പ്രതിസ്ഥാനത്തുളളവരെ കൂടി കക്ഷി ചേര്ക്കണമെന്ന് ഹൈക്കോടതി. ഹര്ജിക്കാരനായ ബിജെപി നേതാവ് ഷോണ് ജോര്ജിനാണ് കോടതി ഇത് സംബന്ധിച്ച് നിര്ദേശം നൽകിയത്. വീണാ വിജയന്, എക്സാലോജിക് കമ്പനി, സിഎംആര്എല് കമ്പനി, സിഎംആര്എല് ഉദ്യോഗസ്ഥര്, ശശിധരന് കര്ത്ത തുടങ്ങി പതിമൂന്നുപേരെ കക്ഷിചേര്ക്കാനാണ് നിര്ദേശം.ഹര്ജിയില് പതിമൂന്ന് പ്രതികളെയും കക്ഷി ചേര്ക്കാന് ഷോണ് ജോര്ജ് അപേക്ഷ നല്കി.
സിഎംആര്എല്- എക്സാലോജിക് കരാറില് കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടത്തിയത്. കേസില് കളളപ്പണ നിയമവും ക്രിമിനല് നിയമവും അഴിമതി നിയമവും അനുസരിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാഷ്ട്രീയ നേതാക്കള്ക്കെതിരെയും അന്വേഷണം വേണം. ഇതിനായി സിബി ഐ, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്പ്പെടെയുളള അന്വേഷണ ഏജന്സികള്ക്ക് നിര്ദേശം നല്കണമെന്നാണ് ഷോണ് ജോര്ജിന്റെ ഹര്ജിയിലെ ആവശ്യം. ഹര്ജി ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള് ബെഞ്ച് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
സിഎംആര്എല്- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആർഎല്ലിനും വീണ വിജയനുമെതിരെ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. തട്ടിപ്പില് വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തില് പറഞ്ഞിരുന്നു. സിഎംആര്എല് എംഡി ശശിധരന് കര്ത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവര്ത്തിക്കാത്ത കണ്സള്ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്എല് പണം നല്കിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്സാ ലോജിക്കിനു നല്കിയെന്നും കുറ്റപത്രത്തിലുണ്ട്. എക്സാലോജികിന് സിഎംആര്എല് പ്രതിമാസം 3 ലക്ഷം രൂപ നല്കിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നല്കിയിട്ടുണ്ട് എന്നുമായിരുന്നു എസ്എഫ്ഐഒയുടെ കണ്ടെത്തല്.
Content Highlights:Kerala Highcourt about sfio report on exalogica cmrl case