കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; രണ്ട് കുട്ടികളും മരിച്ചു; മാതാവ് ഗുരുതരാവസ്ഥയില്‍

ഇരുവരുടെയും അമ്മ പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

പാലക്കാട്: കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ആല്‍ഫ്രഡ് (6) ആണ് മരിച്ചത. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആല്‍ഫ്രഡ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ആല്‍ഫ്രഡിന്‌റെ സഹോദരി നാലുവയസ്സുകാരിയായ എമിലീന മരിയ മാര്‍ട്ടിനും ഇന്ന് രാവിലെ മരിച്ചിരുന്നു.

ഇരുവരുടെയും അമ്മ പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. എല്‍സിക്ക് 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോഴായിരുന്നു സംഭവം. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എല്‍സിയും കിടന്നിരുന്നത്. കാറിന്റെ പിന്‍വശത്തായിരുന്നു തീ ഉയര്‍ന്നത്.

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലന്‍സില്‍ ഉണ്ടായിരുന്ന അയല്‍വാസി പറഞ്ഞിരുന്നു. ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്. എല്‍സിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് മരിച്ചത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്‍സി മാര്‍ട്ടിന്‍.

content highlights: Car explosion accident; Two children dead; Mother in critical condition

To advertise here,contact us