തിരുവനന്തപുരം: കേരള സര്വകലാശാലയില് ഭരണപ്രതിസന്ധി തുടരുന്നു. രജിസ്ട്രാര് ഡോ. കെ എസ് അനില് കുമാറിനെതിരെ വി സി മോഹനന് കുന്നുമ്മല് രാജ്ഭവനെ സമീപിച്ചു. തന്റെ നിര്ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില് കുമാര് സര്വകലാശാലയില് എത്തിയതെന്ന് ചൂണ്ടിക്കാട്ടി വിസി രാജ്ഭവന് റിപ്പോര്ട്ട് നല്കി.
രജിസ്ട്രാര് അനില് കുമാറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് വി സി മോഹനന് കുന്നുമ്മല്. അനില് കുമാർ അയച്ച ഫയലുകള് വി സി തിരിച്ചയച്ചു. അതേസമയം തന്നെ രജിസ്ട്രാര് ഇന് ചാര്ജുള്ള ഡോ. മിനി കാപ്പന് അയച്ച ഫയലുകള് വി സി അംഗീകരിക്കുകയും ചെയ്തു. രജിസ്ട്രാര് ഇന് ചാര്ജ് എന്ന നിലയിലാണ് മിനി കാപ്പന് അയച്ച ഫയലുകള് വിസി അംഗീകരിച്ചത്. രജിസ്ട്രാര്ക്കുള്ള ഇ-ഫയലുകള് അനില് കുമാറിന് അയയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി വി സി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഫയലുകള്ക്ക് പുറമേ രജിസ്ട്രാറുടെ ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തിലും വി സി നിലപാട് കടുപ്പിക്കുന്നതായാണ് വിവരം. രജിസ്ട്രാര് ഔദ്യോഗിക വാഹനം അനില് കുമാര് അനധികൃതമായി ഉപയോഗിക്കുന്നു എന്നാണ് വി സിയുടെ വിലയിരുത്തല്. വാഹനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് അനില് കുമാര് വാഹനം ഉപയോഗിക്കുന്ന കാര്യം വി സിയുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നു. ഇതോടെ വാഹനം പിന്വലിക്കുന്നതിലെ സാധ്യത വൈസ് ചാന്സിലര് പരിശോധിച്ചുവരികയാണ്.
വി സിയുടെ തുടരെയുള്ള നിര്ദേശങ്ങളില് നാടകീയ സംഭവങ്ങളാണ് കേരള സര്വകലാശാലയില് അരങ്ങേറുന്നത്. സര്വകലാശാലയുടെ രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ച് കൊണ്ട് വി സി ഉത്തരവിറക്കിയിരുന്നു. മാത്രവുമല്ല, രജിസ്ട്രാറിന്റെ മുറിക്ക് പ്രത്യേക സംരക്ഷണം നല്കണമെന്ന ഉത്തരവും വി സി പുറത്തിറക്കിയിരുന്നു. അനധികൃതമായി ആരെയും മുറിക്കുള്ളില് പ്രവേശിക്കാന് അനുവദിക്കരുതെന്നായിരുന്നു നിര്ദേശം. എന്നാല്, ഇതിനിടയില് രജിസ്ട്രാര് മുറിയില് അനില് കുമാറെത്തുകയും ജോലി തുടരുകയും ചെയ്തിരുന്നു.
രജിസ്ട്രാര് അനില് കുമാറിന് അനുകൂലമായ നടപടിയായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വീകരിച്ചത്. അനില് കുമാറിന് രജിസ്ട്രാര് സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സസ്പെന്ഷനെതിരെ അനില് കുമാര് നല്കിയ ഹര്ജി തീര്പ്പാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി. സസ്പെന്ഷന് റദ്ദാക്കിയതില് എതിര്പ്പുണ്ടെങ്കില് വൈസ് ചാന്സലര്ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അനില് കുമാര് ജോലിക്ക് എത്തിയത്.
Content Highlights- VC Mohanan Kunnummal Submit reporter against registrar K S Anil kumar