തിരുവനന്തപുരം: കേരള സര്വകലാശാലയിലെ ഭരണ പ്രതിസന്ധികള്ക്കിടയിലും അയയാതെ വൈസ് ചാന്സലര് മോഹനന് കുന്നുമ്മല്. സിന്ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യങ്ങള് അംഗീകരിക്കില്ലെന്ന നിലപാടിലാണ് വി സി. സിന്ഡിക്കേറ്റ് യോഗം വിളിക്കാനുള്ള അടിയന്തര സാഹചര്യമില്ലെന്നാണ് മോഹനന് കുന്നുമ്മലിന്റെ നിലപാട്.
മാത്രവുമല്ല, ചട്ടപ്രകാരമുള്ളത് പോലെ രണ്ടുമാസത്തിലൊരിക്കല് യോഗം വിളിച്ചാല് മതിയെന്നാണ് വി സി അറിയിക്കുന്നത്. തന്റെ വീട്ടിലേക്ക് മാര്ച്ച് നടന്നതിലും വി സിക്ക് അതൃപ്തിയുണ്ട്. തനിക്ക് അക്രമ ഭീഷണിയുണ്ടെന്നും സര്വകലാശാല പ്രവര്ത്തനം നിയമപ്രകാരം എന്ന് ബോധ്യപ്പെട്ട ശേഷം മാത്രം സിന്ഡിക്കേറ്റ് യോഗം എന്നുമാണ് വി സിയുടെ നിലപാട്.
സര്വകലാശാലയില് സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ടെന്നും രജിസ്ട്രാര് വിഷയം ചര്ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് ഇടത് സിന്ഡിക്കേറ്റംഗം ജി മുരളീധരന്റെ നേതൃത്വത്തില് അടിയന്തര സിന്ഡിക്കേറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നല്കിയിരുന്നു. എന്നാല് ഇത് തള്ളുന്ന രീതിയിലാണ് ഇപ്പോള് വി സിയുടെ നിലപാട് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം വിവാദങ്ങള്ക്കിടെ കേരള സര്വകലാശാല രജിസ്ട്രാര് ചുമതലയില് നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പന് വൈസ് ചാന്സലര് മോഹനന് കുന്നുമ്മലിന് കത്തയച്ചു. പദവി ഏറ്റെടുക്കാന് താല്പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്കിയിരിക്കുന്നത്. വിവാദങ്ങള്ക്ക് താല്പര്യമില്ലെന്നും മിനി കാപ്പന് വി സിക്ക് നല്കിയ കത്തില് പറയുന്നു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്കി വി സി ഉത്തരവ് ഇറക്കിയിരുന്നു.
Content Highlights: Kerala University VC Mohanan Kunnummal ignore Syndicate s letter to meeting