'ജ്യോതി മൽഹോത്രക്ക് വന്ദേഭാരത് യാത്രക്ക് പാസ് നൽകിയത് ബിജെപി; കാസർകോട് എത്തിയത് മുരളീധരന്റെ പിആർ വർക്കിനോ?'

വി മുരളീധരന്റെ ശരീരഭാഷ പ്രതിരോധത്തില്‍ ആയതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സന്ദീപ് വാര്യര്‍

പാലക്കാട്: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനൊപ്പം ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര യാത്ര ചെയ്ത സംഭവത്തില്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ജ്യോതി മല്‍ഹോത്രക്ക് വന്ദേഭാരത് യാത്രക്ക് പാസ് നല്‍കിയത് ബിജെപിയാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ജ്യോതി മല്‍ഹോത്ര കാസര്‍കോട് എത്തിയത് വി മുരളീധരന്റെ പി ആര്‍ വര്‍ക്കിന് വേണ്ടിയാണോ എന്ന കാര്യം വിശദമായി അന്വേഷിക്കണം. വി മുരളീധരന്റെ ശരീരഭാഷ പ്രതിരോധത്തില്‍ ആയതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കാസര്‍കോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മല്‍ഹോത്ര എത്തിച്ചേരണമെങ്കില്‍ അതിന് പിന്നില്‍ ഉണ്ടായ ചേതോവികാരം പരിശോധിക്കപ്പെടണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വി മുരളീധരന്‍ മന്ത്രി ആയിരിക്കുമ്പോള്‍ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളില്‍ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പുറത്തുവരാനിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

ജ്യോതി മല്‍ഹോത്രയെ ഡല്‍ഹിയില്‍ നിന്ന് കാസര്‍കോട് എത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവര്‍ത്തകനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇയാള്‍ മറ്റ് പല കേസുകളിലും ആരോപണവിധേയനാണ്. ഇയാള്‍ക്കെതിരെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നിന്നുള്ള പലര്‍ക്കും ശക്തമായ വിയോജിപ്പുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആവര്‍ത്തിച്ചു പറയുന്നു, വന്ദേ ഭാരത് ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് പാസുകള്‍ നല്‍കിയത് ബിജെപി ഓഫീസില്‍ നിന്നായിരുന്നു. വി മുരളീധരന് വേണ്ടപ്പെട്ടവര്‍ക്കാണ് പാസുകള്‍ കൂടുതലായി കിട്ടിയത്. ബാക്കി സുരേന്ദ്ര അനുകൂലികള്‍ക്കും. അന്ന് തന്നെ വടകര എംപിയായിരുന്ന ശ്രീ കെ മുരളീധരന്‍ ഈ ഉദ്ഘാടനത്തെ വി മുരളീധരന്റെ പിആര്‍ ഷോ ആക്കി മാറ്റിയതിനെതിരെ പ്രതികരിച്ചിരുന്നു.

ജ്യോതി മല്‍ഹോത്രയെ ഡല്‍ഹിയില്‍ നിന്നും കാസര്‍കോട് എത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമപ്രവര്‍ത്തകനായിരുന്ന, മറ്റുപല കേസുകളിലും ആരോപണ വിധേയനായ, സംഘപരിവാര്‍ നേതൃത്വത്തിലെ പലര്‍ക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് മുരളീധരന് പറയാമോ ? ഇദ്ദേഹത്തിന്റെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ?

മുരളീധരന്റെ പിആര്‍ വര്‍ക്കിന് വേണ്ടിയാണോ ജ്യോതി മല്‍ഹോത്ര കാസര്‍കോട് എത്തിയത് എന്ന് അന്വേഷിക്കട്ടെ. രാജ്യമെമ്പാടും നിരവധി വന്ദേ ഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങിയതിനു ശേഷം, കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കാസര്‍കോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മല്‍ഹോത്ര എത്തിച്ചേരണമെങ്കില്‍ അതിന് പിറകില്‍ ഉണ്ടായ ചേതോവികാരം എന്തായിരിക്കാം? വി മുരളീധരന്‍ മന്ത്രി ആയിരിക്കുമ്പോള്‍ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളില്‍ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പുറത്തുവരാനിരിക്കുകയാണ്.

വി മുരളീധരന്റെ മുഖം കണ്ടാല്‍ അറിയാം, അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നല്‍കിയത് ആരെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോള്‍ ജ്യോതി മല്‍ഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്‌പോര്‍ട്ട് എടുത്തു പോയിട്ടുണ്ടല്ലോ. കൂടുതല്‍ പറയിപ്പിക്കരുത്.

Content Highlights- Congress leader sandeep varier against v muraleedharan and bjp over pic with Youtuber Jyoti Malhotra

To advertise here,contact us