കേരള സർവകലാശാലയിൽ താൽക്കാലിക വിസിയുടെ അസാധാരണ ഉത്തരവ്; മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് മോഹനൻ കുന്നുമ്മൽ

കേരള സര്‍വകലാശാലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. വിസിയുടെ നിര്‍ദേശപ്രകാരം ജോയിന്റ് രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.

അതേസമയം രജിസ്ട്രാറിന്റെ മുറിക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് അല്‍പ സമയത്തിന് മുമ്പ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ ഉത്തരവ് ഇറക്കിയിരുന്നു. അനധികൃതമായി ആരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സര്‍വ്വകലാശാല സെക്യൂരിറ്റി ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഓഫീസര്‍ കര്‍ശന ജാഗ്രത ഇക്കാര്യത്തില്‍ പാലിക്കണം എന്നും ഉത്തരവില്‍ പറയുന്നു. അനധികൃതമായി പ്രവേശിക്കാനെത്തുന്നവരെ തടയണമെന്നും ഉത്തരവിലുണ്ട്. വിസി സസ്‌പെന്‍ഡ് ചെയ്ത, എന്നാല്‍ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ചുമതലയേറ്റെടുത്ത രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെയാണ് വിസിയുടെ നീക്കം.

അനില്‍കുമാറിന്റെ പേര് ഉത്തരവില്‍ എടുത്തു പറയുന്നില്ലെങ്കിലും അനധികൃതമായി മുറിയില്‍ പ്രവേശിക്കരുതെന്ന് എടുത്തു പറഞ്ഞത് രജിസ്ട്രാറെ ഉദ്ദേശിച്ച് തന്നെയാണെന്നാണ് സൂചന. അതേസമയം കേരള സര്‍വകലാശാലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പതിവിനേക്കാള്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ ഓഫീസിനു മുന്നിലും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

സസ്പെന്‍ഷനിലായതിനാല്‍ കോളേജിലേക്ക് പ്രവേശിക്കരുതെന്ന് അനില്‍കുമാറിന് വി സി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനെ അവഗണിച്ച് രജിസ്ട്രാര്‍ ഇന്ന് ജോലിക്കെത്തിയേക്കും. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെയായിരുന്നു വൈസ് ചാന്‍സിലറുടെ നീക്കം.

എന്നാല്‍ വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളുകയാണ് ഡോ. കെ എസ് അനില്‍കുമാര്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം ചുമതലയില്‍ തുടരുന്നതിന് തടസ്സമില്ല. പരാതികള്‍ ഉണ്ടെങ്കില്‍ നിയമന അധികാരികളെ ബന്ധപ്പെടാം എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. തന്റെ നിയമന അധികാരി സിന്‍ഡിക്കേറ്റ് ആണെന്നും സിന്‍ഡിക്കേറ്റ് തീരുമാനം വരെ ചുമതലയില്‍ തുടരും എന്നുമായിരുന്നു വൈസ് ചാന്‍സിലര്‍ക്ക് അനില്‍കുമാര്‍ നല്‍കിയ മറുപടി.

Content Highlights: Kerala University Mohanan Kunnummal ordered Mini Kappan as Registrar

To advertise here,contact us