തിരുവനന്തപുരം: 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' (ജെഎസ്കെ) വിവാദത്തിലെ ഒത്തുതീര്പ്പ് തീരുമാനത്തെ പരിഹസിച്ച് തൊഴില്വകുപ്പ് മന്ത്രി വി ശിവന്കുട്ടിയും സംവിധായകന് ലിജോ ജോസ് പെല്ലിശേരിയും. 'വി ശിവന്കുട്ടി'യെന്ന തൻ്റെ പേര് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മന്ത്രി ശിവന്കുട്ടി. 'വി ഫോര്'… എന്ന പോസ്റ്റാണ് ലിജോ പങ്കുവെച്ചത്.
ജെസ്കെ വിവാദങ്ങള്ക്കിടെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ഫേസ്ബുക്ക് കവര് പിക് മാറ്റിയതും ചര്ച്ചയായിരുന്നു. 'ആള്ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്തോ, അതാണ് സെന്സര്ഷിപ്പ് കല'യോട് ചെയ്യുന്നത് എന്നാണ് പുതിയ കവര് പിക്കിലെ വാചകം. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ യഥാര്ത്ഥ പേര് മാറ്റാനുള്ള സെന്സര് ബോര്ഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവര്ത്തകര് അംഗീകരിച്ചിരുന്നു.
'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് പുതിയ പേര്. വിചാരണ രംഗങ്ങളില് ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്മാതാക്കള് ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെന്സര് സര്ട്ടിഫിക്കറ്റ് നല്കാത്തതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്ത്തകര് നല്കിയ കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
ചിത്രം എത്രയും വേഗം തീയറ്ററുകളില് എത്തിക്കുക എന്നതാണ് നിര്മാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെന്സര് ബോര്ഡ് മുന്നോട്ടുവെച്ച നിര്ദേശങ്ങള് അംഗീകരിക്കാമെന്ന് നിര്മാതാക്കള് ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില് ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളില് മാറ്റമുണ്ടാകില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില് പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.
സെന്സര് ബോര്ഡ് കഴിഞ്ഞ ദിവസം രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട നിര്ദേശം ഹൈക്കോടതിക്ക് മുമ്പാകെ വെച്ചത്. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന് പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്സര് ബോര്ഡ് നിര്ദേശം. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്സര് ബോര്ഡ് നിര്ദേശിച്ചിരുന്നു.
Content Highlights: JSK controversy V Sivankutty and Lijo jose pellisery on name change