മുഖ്യമന്ത്രി ആര് എന്നത് കീഴ്‌വഴക്കം അനുസരിച്ച് തീരുമാനിക്കും; സണ്ണി ജോസഫ്

കേരളത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായാണ് ശശി തരൂര്‍ പങ്കുവെച്ച സര്‍വേയുടെ ഫലത്തിലുള്ളത്.

ന്യൂഡല്‍ഹി: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എഐസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്ന് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 18ന് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തുമെന്ന് പറഞ്ഞ സണ്ണി ജോസഫ് വോട്ട് വൈബ് സര്‍വേ വിഷയത്തിലും പ്രതികരിച്ചു. യുഡിഎഫ് മുഖ്യമന്ത്രി വരും എന്നതാണ് ഏറ്റവും വലിയ സന്ദേശം. നിലമ്പൂരില്‍ നിന്ന് ആത്മവിശ്വാസം ലഭിച്ചു. മുഖ്യമന്ത്രി ആര് എന്നത് കീഴ്വഴക്കം അനുസരിച്ച് തീരുമാനിക്കും. 2026 ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

തരൂര്‍ യോഗ്യനാണോ എന്ന ചോദ്യത്തിന് 'മുഖ്യമന്ത്രിയാകാന്‍ ആരാണ് അയോഗ്യന്‍' സണ്ണി ജോസഫിന്റെ മറുപടി. കേരളത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായാണ് ശശി തരൂര്‍ പങ്കുവെച്ച സര്‍വേയുടെ ഫലത്തിലുള്ളത്. സ്വകാര്യ ഗവേഷണ സംവിധാനമായ വോട്ട് വൈബ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 47.9 ശതമാനം പേര്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കുന്നു. 18 മുതല്‍ 24 വയസ്സുള്ളവരില്‍ 37 ശതമാനം പേരും 55 വയസ്സിന് താഴെയുള്ളവരില്‍ 45 ശതമാനം പേരും ശക്തമായ ഭരണവിരുദ്ധ വികാരമുള്ളവരാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേര്‍ അവരുടെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. 23 ശതമാനം പേര്‍ മാത്രമേ അവര്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുള്ളൂ.

38.9 ശതമാനം പേര്‍ യുഡിഎഫ് വികസന നയത്തെ ഇഷ്ടപ്പെടുന്നു. 27.8 ശതമാനം പേര്‍ എല്‍ഡിഎഫ് നയത്തെ 27.8 ശതമാനം പേര്‍ ഇഷ്ടപ്പെടുന്നു. എന്‍ഡിഎയോട് 23.1 ശതമാനം പേരും താല്‍പര്യം പ്രകടിപ്പിക്കുന്നു.

യുഡിഎഫിനെ പിന്തുണക്കുന്നവരില്‍ 28.3 ശതമാനം പേര്‍ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇഷ്ടപ്പെടുന്നു. വി ഡി സതീശനെ 15.4 ശതമാനം പേരും.

എല്‍ഡിഎഫിനെ ഇഷ്ടപ്പെടുന്നവരില്‍ 24.2 ശതമാനം പേര്‍ കെ കെ ഷൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇഷ്ടപ്പെടുന്നു. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി 17.5 ശതമാനം പേര്‍ ആഗ്രഹിക്കുന്നു. എന്‍ഡിഎയില്‍ നിന്ന് ആരുടെ പേരും സര്‍വേ ഫലത്തിലില്ല.Content Highlights: Who will be the Chief Minister will be decided according to the precedents; Sunny Joseph

To advertise here,contact us