കൊച്ചി: സെന്സര് ബോര്ഡിന് വഴങ്ങി ജെഎസ്കെ ടീം. ചിത്രത്തിന്റെ പേര് മാറ്റാം എന്ന് നിര്മാതാക്കള് ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളില് ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
ചിത്രം എത്രയും വേഗം തീയറ്ററുകളില് എത്തിക്കുക എന്നതാണ് നിര്മാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെന്സര് ബോര്ഡ് മുന്നോട്ടുവെച്ച നിര്ദേശങ്ങള് അംഗീകരിക്കാമെന്ന് നിര്മാതാക്കള് ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില് ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലെല്ലാം മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില് പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.
സെന്സര് ബോര്ഡ് രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോല് മുന്നോട്ടുവെച്ചതെന്ന് നിര്മാതാക്കള്ക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന് പറഞ്ഞു. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന് പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെന്സര് ബോര്ഡ് നിര്ദേശിച്ചതെന്നും ഹാരിസ് ബീരാന് പറഞ്ഞു. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്സര് ബോര്ഡ് നിര്ദേശിച്ചിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോള് ടൈറ്റില് മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്മാതാക്കള് കോടതിയെ അറിയിച്ചു. ജാനകി എന്ന് പേര് ഉപയോഗിക്കുന്ന 96ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്മാതാക്കള് അറിയിച്ചു. എന്നാല് ടൈറ്റിലില് വി എന്ന് ചേര്ത്താല് മതിയാകുമെന്നാണ് സെന്സര് ബോര്ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില് പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല് മതിയാകുമെന്നും സെന്സര് ബോര്ഡ് അംഗങ്ങള് പറഞ്ഞതായും ഹാരിസ് ബീരാന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റാം എന്നകാര്യം നിര്മാതാക്കള് കോടതിയെ അറിയിച്ചത്. എഡിറ്റ് ചെയ്ത സിനിമ എത്രയും വേഗം സെന്സര് ബോര്ഡിന് നല്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചു.
സുരേഷ് ഗോപി, അനുപമ പരമേശ്വരന് എന്നിവര് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം 'ജാനകി' എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗര്ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില് അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്കിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്സര് ബോര്ഡ് രംഗത്തെത്തി. എന്നാല് പേര് മാറ്റാന് കഴിയില്ലെന്നായിരുന്നു നിര്മാതാക്കള് ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിര്മാതാക്കള് കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എന് നഗരേഷും എത്തിയിരുന്നു.
Content Highlights- Ready to change name of movie jsk says producers in HC