ബലാത്സംഗത്തിന് ഇരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇതര മതസ്ഥന്‍: വിചിത്ര വാദവുമായി സെൻസർ ബോർഡ്

രംഗം മതങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമാകുമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങുമൂലത്തില്‍ പറയുന്നു

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്‌ക്കെതിരെ വിചിത്ര വാദവുമായി സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. സിനിമയില്‍ ബലാത്സംഗത്തിനിരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇതര മതസ്ഥനാണെന്നും ഈ രംഗം മതസൗഹാർദ്ദം തകർക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങുമൂലത്തില്‍ പറയുന്നു.

ജാനകിയെന്ന പേര് സീതാദേവിയുടെ വിശുദ്ധനാമമാണ്. സീതയുടെ പേരിലുള്ള കഥാപാത്രത്തെ ഇത്തരത്തില്‍ സിനിമയില്‍ വിസ്തരിക്കാന്‍ പാടില്ല. ആ കഥാപാത്രത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഈ സീനിലുണ്ട്. മതവികാരത്തെ അപമാനിക്കുന്നതിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമം. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് സിനിമയിലെ രംഗമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. സിനിമയിലെ രംഗങ്ങള്‍ അംഗീകരിച്ചാല്‍ തുടര്‍ന്നും സമാന രംഗങ്ങള്‍ മറ്റ് സിനിമകളില്‍ ആവര്‍ത്തിക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് വാദിച്ചു. രാമായണം ഉദ്ദരിച്ചായിരുന്നു സെൻസർ ബോർഡിൻ്റെ എതിർ സത്യവാങുമൂലം.

സിനിമയുടെ പേര് മാറ്റണമെന്നത് ഉൾപ്പടെ 96 കട്ട് ആണ് സിനിമയ്ക്ക് ആദ്യം സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചിരുന്ന മാറ്റങ്ങൾ. എന്നാൽ ജാനകി പിന്നീട് ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ് കോടതിയെ ബോധിപ്പിച്ചു. ജാനകിയെന്ന പേര് മാറ്റാതെ വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം. ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റം വരുത്തണം, ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം അങ്ങനെയെങ്കിൽ പ്രദര്‍ശനാനുമതി നല്‍കാന്‍ തയ്യാറാണെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Content Highlights- 'Defense lawyer interrogating rape victim Janaki is of a different religion'; Censor Board makes strange claim

To advertise here,contact us