ന്യൂഡൽഹി: സിഎംആര്എല് എക്സാലോജിക് കേസ് ഇന്ന് വീണ്ടും ഡല്ഹി ഹൈക്കോടതി പരിഗണിക്കും. ഡല്ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിക്കുക.മുന്പ് കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിര്ദ്ദേശിച്ചിരുന്നു. എറണാകുളം അഡീഷണല് സെഷന്സ് കോടതിയിലെ റിപ്പോര്ട്ടിന്മേല് തുടര് നടപടികള് പാടില്ലെന്നും ഡല്ഹി കോടതി ഉത്തരവിട്ടിരുന്നു. സിഎംആര്എല് ഹര്ജിയില് അന്തിമ തീരുമാനമെടുക്കും വരെയാണ് വിലക്കേര്പ്പെടുത്തിയിരുന്നത്. അതേസമയം എസ്എഫ്ഐഒയും വകുപ്പും തമ്മില് ആശയ വിനിമയത്തില് ഉണ്ടായ കുറവ് കാരണമാണ് അഡീഷണല് സെഷന്സ് കോടതിയിൽ റിപ്പോര്ട്ട് ഫയല് ചെയ്തതെന്നും ഇത് മനപ്പൂര്വ്വം ഉണ്ടായതല്ലെന്നുമാണ് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.
എക്സാലോജിക് - സിഎംആര്എല് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയില് റിപ്പോര്ട്ട് ഫയല് ചെയ്യില്ലെന്ന് എസ്എഫ്ഐഒ കോടതിക്ക് വാക്കാല് ഉറപ്പ് നല്കിയിരുന്നുവെന്ന് നേരത്തെ സുബ്രമണ്യം പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല് എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് കേന്ദ്ര സര്ക്കാരിന് വേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറലിനോട് ഡല്ഹി ഹൈക്കോടതി ചോദിച്ചു. പിന്നാലെ പുറത്തിറക്കിയ ഉത്തരവിലാണ് കോടതി നടപടികളിൽ നിന്ന് എസ്എഫ്ഐഒയ്ക്ക് വിലക്കേര്പ്പെടുത്തിയത്.
സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആർഎല്ലിനും ടി വീണയ്ക്കും എതിരെ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നു. തട്ടിപ്പില് ടി വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തില് പറഞ്ഞിരുന്നു. സിഎംആര്എല് എംഡി ശശിധരന് കര്ത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവര്ത്തിക്കാത്ത കണ്സള്ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്എല് പണം നല്കിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്സാലോജിക്കിനു നല്കിയെന്നും കുറ്റപത്രത്തിലുണ്ട്. എക്സാലോജികിന് സിഎംആര്എല് പ്രതിമാസം 3 ലക്ഷം രൂപ നല്കിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നല്കിയിട്ടുണ്ട് എന്നുമായിരുന്നു എസ്എഫ്ഐഒയുടെ കണ്ടെത്തല്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐഒ റിപ്പോർട്ടിന്മേൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കോടതിയെ സമീപിച്ചതും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതും.
Content Highlights- CMRL Exologic case; Delhi High Court to consider again today