നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നു; പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍

കൊച്ചി: ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

പി സി ജോര്‍ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് പൊലീസും പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പി സി ജോര്‍ജിന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ ഇടുക്കിയില്‍ പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചായിരുന്നു അന്ന് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

Content Highlights: Kerala government submit plea to High Court against P C George

To advertise here,contact us