'ജ്യോതിമൽഹോത്ര ചാരയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വിളിക്കില്ലല്ലോ'; റിയാസിനെ കുറ്റപ്പെടുത്തില്ലെന്ന് വി ഡി സതീശൻ

സിപിഐഎമ്മായിരുന്നെങ്കില്‍ ടൂറിസം മന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് സമരം ചെയ്‌തേനെ

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചാരക്കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതിനെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതില്‍ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്‌ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവര്‍ ഇവിടെ വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം പറഞ്ഞു.

'നമുക്കൊക്കെ പേടിയാണ്. നമ്മുടെ കൂടെ പലരും ഫോട്ടോയെടുക്കും. നാളെ ഇയാള്‍ പ്രതിയായാല്‍ നമ്മളെന്ത് ചെയ്യും. ഇവര് വന്നപ്പോള്‍ ചാരപ്രവര്‍ത്തകയല്ല. വ്‌ളോഗറെന്ന നിലയിലാണ് വിളിച്ചത്', സതീശന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട പ്രതിപക്ഷമാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ സിപിഐഎമ്മായിരുന്നെങ്കില്‍ ടൂറിസം മന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് സമരം ചെയ്‌തേനെയെന്നും തങ്ങള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ കയറി ആരുടെയും മെക്കിട്ട് കയറില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ടൂറിസം മന്ത്രിയെയും ടൂറിസം വകുപ്പിനെയും കുറ്റപ്പെടുത്തില്ല. അവര്‍ അന്ന് നിര്‍ദോഷമായിട്ടാണ് ചെയ്തത്. പിന്നീട് അവര്‍ ചാരപ്രവര്‍ത്തിയില്‍ പിടിക്കുകയായിരുന്നു. അതില്‍ സര്‍ക്കാരിനെ എങ്ങനെ കുറ്റപ്പെടുത്തും. ഒരിക്കല്‍ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്തയാള്‍ പിന്നീട് വേറെന്തെങ്കിലും കേസില്‍ വന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും', സതീശന്‍ പറഞ്ഞു.

ഇന്‍ഫ്ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ അവരുടെ വരവ് തടയുമായിരുന്നെന്നും ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ സന്ദര്‍ശിച്ച് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീടാണ് ജ്യോതി മല്‍ഹോത്ര നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി തെളിയുന്നത്. പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധം പുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു.

Content Highlights: Jyoti Malhotra case V D Satheesan says never criticise Muhammad Riyas

To advertise here,contact us