കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വന്ദേഭാരതിൻ്റെ ഉദ്ഘാടനത്തിനായി കേരളത്തിൽ. വന്ദേഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ ജ്യോതി മൽഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിൻ്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര യാത്രചെയ്തത്. ഉദ്ഘാടന യാത്രയിൽ ഒപ്പം മുൻ കേന്ദ്ര മന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രിൽ 25-നാണ് ഇവർ കാസർകോട് എത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിൽ ചാരക്കേസിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ച ഉയരുകയാണ്. ഇതിനിടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചാരപ്രവർത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വ്ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവർ ഇവിടെ വരുമ്പോൾ ചാരപ്രവർത്തകയാണെന്ന് ആർക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'നമുക്കൊക്കെ പേടിയാണ്. നമ്മുടെ കൂടെ പലരും ഫോട്ടോയെടുക്കും. നാളെ ഇയാൾ പ്രതിയായാൽ നമ്മളെന്ത് ചെയ്യും. ഇവര് വന്നപ്പോൾ ചാരപ്രവർത്തകയല്ല. വ്ളോഗറെന്ന നിലയിലാണ് വിളിച്ചത്', സതീശൻ പറഞ്ഞു. ഉത്തരവാദപ്പെട്ട പ്രതിപക്ഷമാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ സിപിഐഎമ്മായിരുന്നെങ്കിൽ ടൂറിസം മന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് സമരം ചെയ്തേനെയെന്നും തങ്ങൾ ആവശ്യമില്ലാത്ത കാര്യത്തിൽ കയറി ആരുടെയും മെക്കിട്ട് കയറില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
'ഞാൻ ടൂറിസം മന്ത്രിയെയും ടൂറിസം വകുപ്പിനെയും കുറ്റപ്പെടുത്തില്ല. അവർ അന്ന് നിർദോഷമായിട്ടാണ് ചെയ്തത്. പിന്നീട് അവരെ ചാരപ്രവർത്തിയിൽ പിടിക്കുകയായിരുന്നു. അതിൽ സർക്കാരിനെ എങ്ങനെ കുറ്റപ്പെടുത്തും. ഒരിക്കൽ സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്തയാൾ പിന്നീട് വേറെന്തെങ്കിലും കേസിൽ വന്നാൽ എന്ത് ചെയ്യാൻ പറ്റും', സതീശൻ പറഞ്ഞു.
ഇൻഫ്ളുവൻസർമാരെ കൊണ്ടുവരുന്നത് എംപാനൽഡ് ഏജൻസികളാണെന്നും അതിൽ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ജ്യോതി മൽഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ അവരുടെ വരവ് തടയുമായിരുന്നെന്നും ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിൻ ഷിപ് യാർഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, ഷോപ്പിംഗ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ സന്ദർശിച്ച് ഇവർ ദൃശ്യങ്ങൾ പകർത്തിയിരുന്നു. പിന്നീടാണ് ജ്യോതി മൽഹോത്ര നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായി തെളിയുന്നത്. പാകിസ്താനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധം പുലർത്തിയതായും വിവരം ലഭിച്ചിരുന്നു.
Content Highlights: Jyoti Malhotra arrives in Kerala to attend inauguration of Vande Bharat along with v muraleedharan