ഡാര്‍ക്ക് നെറ്റ് ലഹരിയിടപാട് കേസ്; പ്രതികൾക്കായുളള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വിപുലമായ നെറ്റ്‌വർക്ക് ആണ് പ്രതികളുടേത് എന്നാണ് എൻസിബി കരുതുന്നത്

കൊച്ചി: ഡാര്‍ക്ക് നെറ്റ് ലഹരിയിടപാട് കേസിൽ പ്രതികൾക്കായുളള നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി എഡിസൺ, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള കസ്റ്റേഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

വിപുലമായ നെറ്റ്‌വർക്ക് ആണ് ഇവരുടേത് എന്നാണ് എൻസിബി കരുതുന്നത്. മുഖ്യപ്രതി എഡിസൺ ബാബു, അരുൺ തോമസ്, ഡിയോൾ എന്നിവർ സഹപാഠികളാണ്. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ കോളേജിലാണ് മൂവരും പഠിച്ചത്. ഡിയോൾ ആണ് എഡിസണെ ലഹരിയിടപാടുകളിലേക്ക് കൊണ്ടുവന്നത് എന്നാണ് സൂചന. ഡിയോളിന് ഓസ്‌ട്രേലിയയിൽ അടക്കം ലഹരിയിടപാട് ഉണ്ടായിരുന്നു. ഇതിലൂടെ അയാൾ കോടികൾ സമ്പാദിച്ചിരുന്നു. എഡിസണെയും ലഹരിയിടപാട് ലോകത്തെക്കെത്തിച്ചത് ഡിയോൾ ആണെന്നാണ് എൻസിബിയുടെ നിഗമനം.

ഡിയോളിന് ഇടുക്കി പാഞ്ചാലിമേട്ടിൽ ഒരു റിസോർട്ടുണ്ട്. ലഹരിമരുന്നായ കെറ്റമിൻ വിദേശത്തുനിന്ന് എത്തിച്ച് ഓസ്ട്രേലിയയിലേക്ക് അയയ്ക്കുന്നതായിരുന്നു ഡിയോളിന്റെ ബിസിനസ്. പിടിയിലായ മൂന്ന് പ്രതികളും കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യാന്തര ലഹരി ഇടപാടുകളിലേർപ്പെടുന്നു എന്ന് എൻസിബി വൃത്തങ്ങൾ കണ്ടെത്തിയിരുന്നു.

കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ലഹരിക്കേസാണ് എഡിസന്റെത്. ആറു വർഷം മുൻപ് സ്വന്തം ആവശ്യത്തിനാണ് എഡിസൺ ലഹരിമരുന്നു വാങ്ങിത്തുടങ്ങിയത്. ചെറിയ തോതില്‍ ആരംഭിച്ച ഇതിന്റെ വ്യാപാരം പതുക്കെ ശക്തമായി. രണ്ടു വർഷം മുൻപ് ഡാർക്ക് വെബ്ബിന്റെ സാധ്യത എഡിസൺ കണ്ടെത്തി. അന്നുമുതൽ ‘കെറ്റാമെലോൺ’ എന്ന ബ്രാൻഡ് ഡാർക്ക്നെറ്റിലെ ലഹരി ലോകത്ത് ഹിറ്റായി. ഡാർക്ക്നെറ്റിൽ ‘ലെവൽ 4’ൽ ഉള്ള, രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖനായ ലഹരി കടത്തുകാരനായാണ് എഡിസൺ ഈ മേഖലയിൽ അറിയപ്പെടുന്നത്. ഓർഡർ നൽകിയാൽ പറഞ്ഞ സമയത്ത് കൃത്യമായി ലഹരി എത്തിച്ചു നൽകിയിരുന്നു എന്നതായിരുന്നു കെറ്റാമെലോണിന്റെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനം.

എൻസിബിക്ക് പുറമെ ഭീകര വിരുദ്ധ സ്ക്വാഡിന്റെ കൂടി സഹകരണത്തോടെയാണ് കെറ്റാമെലോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നത്. എഡിസണ് യുകെ കേന്ദ്രമായ സംഘത്തിൽ നിന്നാണ് എൽഎസ്‍ഡി എത്തുന്നത്. കേരളമടക്കം രാജ്യത്തെ മിക്ക സ്ഥലങ്ങളിലേക്കും ലഹരി അയച്ചിട്ടുണ്ട്. ഇതിനായി എറണാകുളം ജില്ലയിലെ വിവിധ പോസ്റ്റ്ഓഫീസുകൾ ഉപയോഗിക്കുകയും ചെയ്തു. ആരൊക്കയായിരുന്നു എഡിസണിൽനിന്ന് ലഹരി വാങ്ങിയത് എന്നാ അന്വേഷണമാണ് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്.

Content Highlights: Court to consider custody request for darkweb drug case culprits

To advertise here,contact us