'കൂട്ടിലായ കടുവയെ വെടിവെച്ച് കൊല്ലണം'; കാളികാവില്‍ സംഘടിച്ച് നാട്ടുകാര്‍; പ്രതിഷേധം

കടുവയെ വനംവകുപ്പ് സംരക്ഷണത്തില്‍വെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

മലപ്പുറം: കാളിക്കാവില്‍ കൂട്ടിലകപ്പെട്ട കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് സംഘടിച്ച് നാട്ടുകാര്‍. കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസിയാണ് കൂട്ടിലായ നിലയില്‍ കടുവയെ കണ്ടത്. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നും കൂട്ടിലായത് നരഭോജികടുവയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. 53ാം ദിവസത്തിന് ശേഷമാണ് സുല്‍ത്താന്‍ എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.

കടുവയെ വെടിവെച്ച് കൊല്ലുകയോ മൃഗശാലയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 'പ്രദേശത്ത് വേറെയും കടുവകള്‍ ഉണ്ട്. ഇത്രസമയമായിട്ടും കൂട്ടിലായത് നരഭോജി കടുവയാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല', എന്നും പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. വന്യജീവി ശല്യം കാരണം ടാപ്പിംഗിന് പോകാന്‍ സാധിക്കാത്തതിനാല്‍ പ്രദേശത്തെ വീടുകളില്‍ ദാരിദ്ര്യം ബാധിച്ചുതുടങ്ങിയെന്നും ഇവര്‍ പറയുന്നു.

അതേസമയം കടുവയെ വനംവകുപ്പ് സംരക്ഷണത്തില്‍വെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. വനത്തിലേയ്ക്ക് ഉടന്‍ തുറന്നുവിടില്ല. വിദഗ്ധ അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കും തീരുമാനം എന്നും മന്ത്രി പറഞ്ഞു.

മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു.

സംഭവത്തില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കടുവയെ കൂടുവെച്ച് പിടികൂടണമെന്നും കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും ചൂണ്ടിക്കാണിച്ച് എന്‍ടിസിഎ മാര്‍ഗ നിര്‍ദേശപ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിനെ അവഗണിക്കുകയായിരുന്നു.

Content Highlights: Locals protest in kalikavu demanding to Kill tiger that trapped in cage

To advertise here,contact us