കോഴിക്കോട്: ചാരവൃത്തിക്ക് പിടിയിലായ വ്ളോഗര് ജ്യോതി മല്ഹോത്ര കേരളത്തിലെത്തിയതിന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരം പറയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസ്. ജ്യോതി മല്ഹോത്ര ആയത് നന്നായെന്നും ജ്യോതി മാഹിന് ആയിരുന്നെങ്കില് കേരളത്തിലെ മുഴുവന് മുസ്ലിമുകളും ഇപ്പൊള് മറുപടി പറയേണ്ടി വന്നേനെയെന്ന് അദ്ദേഹം പറഞ്ഞു.
ജനം കൂടെ ഇല്ലെന്ന് നിലമ്പൂര് വ്യക്തമാക്കിയത് ആണെന്നും അഹങ്കാരവും ധിക്കാരവും അല്ല കാണിക്കേണ്ടതെന്നും ഫിറോസ് പറഞ്ഞു. കോട്ടയം മെഡിക്കല് കോളേജിലെ അപകടത്തില് സമരം തുടരാനാണ് യൂത്ത് ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്ജിന്റെ രാജി ആവശ്യമില്ലെന്ന ബിന്ദുവിന്റെ കുടുംബത്തിന്റെ പ്രതികരണം മന്ത്രി അവസരമാക്കി എടുക്കരുതെന്നും പി കെ ഫിറോസ് പറഞ്ഞു.
'ആരോഗ്യമന്ത്രി രക്ഷാപ്രവര്ത്തനം വൈകിപ്പിക്കാന് നേരിട്ട് ഇടപെട്ടു. മരണത്തെ പോലും മന്ത്രിമാര് അപമാനിച്ചു. സമരത്തെ പ്രതിരോധിക്കുമെന്ന ഡിവൈഎഫ്ഐയുടെ ഭീഷണി വേണ്ട. ചൊവ്വാഴ്ച എല്ലാ നിയോജകമണ്ഡലത്തിലും സമരാഗ്നി. ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില് മിന്നല് സമരങ്ങള്. നാളെ ഉള്പ്പെടെ സമരങ്ങള് ഉണ്ടാകും. കേരളത്തിലെ ജനങ്ങളുടെ സമരമാണിത്. ആരോഗ്യമന്ത്രിക്കും സര്ക്കാരിനും എതിരായ സമരമാണ്. രാജി തന്നെയാണ് ആവശ്യം', പി കെ ഫിറോസ് പറഞ്ഞു.
അതേസമയം ജ്യോതി മല്ഹോത്ര കേരളത്തിലെത്തിയത് സര്ക്കാരിന്റെ അതിഥിയായെന്ന ആരോപണത്തില് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. നല്ല ലക്ഷ്യത്തോടെയാണ് സര്ക്കാര് വ്ളോഗര്മാരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്ക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്ന് ആണോ കരുതുന്നതെന്നും മന്ത്രി ചോദിച്ചു.
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വ്ളോഗര് ജ്യോതി മല്ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് സംസ്ഥാന സര്ക്കാരാണെന്നും ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മല്ഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനം നല്കിയെന്നും താമസം, ഭക്ഷണം, യാത്രാസൗകര്യം എന്നിവ ഒരുക്കിയെന്നും വാര്ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിന് ഷിപ് യാര്ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്, ചരിത്ര സ്മാരകങ്ങള്, ഷോപ്പിംഗ് മാളുകള്, മെട്രോ സ്റ്റേഷനുകള് എന്നിവ സന്ദര്ശിച്ച് ഇവര് ദൃശ്യങ്ങള് പകര്ത്തിയിരുന്നു. ജ്യോതി മല്ഹോത്ര നിരവധി തവണ പാകിസ്താന് സന്ദര്ശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്താനിലെ ഇന്റലിജന്സ് വിഭാഗവുമായി ബന്ധം പുലര്ത്തിയതായും വിവരം ലഭിച്ചിരുന്നു.
Content Highlights: Jyothi Malhotra s arrival in Kerala PK Firoz against Riyas